കാലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു

പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കുന്നത് ആരംഭിച്ചു. 1,200ലധികം പൊലീസുകാരും ഉദ്യോഗസ്ഥരുമാണ് ‘ജംഗ്ള്‍ ക്യാമ്പ്’ എന്നറിയപ്പെടുന്ന ഇവിടെനിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കാനത്തെിയിരിക്കുന്നത്. ഏഴായിരത്തോളം വരുന്ന അഭയാര്‍ഥികളെ പുറത്താക്കി ക്യാമ്പ് പൊളിക്കാന്‍ മൂന്നുദിവസമെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്. ഇവിടെയുള്ളവരുടെ ആദ്യ സംഘത്തെ രാജ്യത്തിന്‍െറ വ്യത്യസ്ത ഭാഗങ്ങളിലുള്ള ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയത്. എന്നാല്‍, അഭയാര്‍ഥികള്‍ സമാധാനപരമായി ഒഴിപ്പിക്കലിന് സന്നദ്ധമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലേക്ക് കടക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണ് നേരത്തെ പ്രക്ഷോഭം നടന്നത്.

7,500 പേര്‍ക്ക് കഴിയാനുള്ള സൗകര്യമാണ് ഫ്രാന്‍സിലെ വിവിധ ക്യാമ്പുകളില്‍ ഒരുക്കിയിരിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് കുടുംബങ്ങളോടൊപ്പം ഒരേ ക്യാമ്പില്‍ താമസിക്കുന്നതിനും ഒറ്റക്കൊറ്റക്ക് പോകാനും സൗകര്യം നല്‍കിയിട്ടുണ്ട്. 50 പേരടങ്ങുന്ന സുഡാന്‍ അഭയാര്‍ഥികളുടെ സംഘത്തെയാണ് ആദ്യം ക്യാമ്പില്‍നിന്ന് മാറ്റിയിരിക്കുന്നത്.  തിങ്കളാഴ്ചമാത്രം 2,500 പേരെ മാറ്റാനാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബ്രിട്ടനിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അനുവാദം നല്‍കാന്‍ യു.കെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ 194 പേര്‍ക്ക് ബ്രിട്ടനിലേക്കുള്ള ടിക്കറ്റ് നല്‍കിയതായാണ് വിവരം.

Tags:    
News Summary - calai camp in paris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.