കൈറോ: ഇൗജിപ്തിൽ വടക്കൻ സിനായിയിലെ മുസ്ലിം പള്ളിയിൽ ബോംബ് സ്ഫോടനത്തിലും തീവ്രവാദികളുടെ വെടിവെപ്പിലും 235 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റു. അൽഅരിഷ് നഗരത്തിനടുത്ത ബിർ അൽഅബെദിലെ അൽറൗദ പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായത്. തുടർന്ന് പള്ളിയിൽനിന്ന് പുറത്തേക്ക് ഒാടിരക്ഷപ്പെടാൻ ശ്രമിച്ചവർക്കുനേരെയാണ് നാലു വാഹനങ്ങളിലെത്തിയ തീവ്രവാദികൾ വെടിയുതിർത്തത്.
കൊല്ലപ്പെട്ടവരിൽ നിരവധി സൈനികരുമുണ്ട്. ഇൗജിപ്തിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളിലൊന്നാണ് വെള്ളിയാഴ്ചയുണ്ടായത്. പരിക്കേറ്റവരെ 50ഒാളം ആംബുലൻസുകളിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബോംബ് സ്ഫോടനത്തിെൻറ ഉത്തരവാദിത്തം തീവ്രവാദി ഗ്രൂപ്പുകളാരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടർന്ന് ഇൗജിപ്ത് സർക്കാർ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
2011നുശേഷം വടക്കൻ സിനായിയിൽ െഎ.എസ് അനുകൂല തീവ്രവാദികൾ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. മുഹമ്മദ് മുർസിയെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കിയേതാടെയാണ് പൊലീസുകാർക്കും സൈനികർക്കുംനേരെ ഭീകരരുടെ ആക്രമണം വർധിച്ചത്. ഇതിനുശേഷം 700ഒാളം സുരക്ഷ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സുരക്ഷസേന ഇവിടെ പരിശോധന ശക്തമാക്കുകയും തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ വീടുകൾ തകർക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബറിൽ തീവ്രവാദി ആക്രമണത്തിൽ 18 പൊലീസുകാരാണ് കൊല്ലപ്പെട്ടത്. 2015ൽ സിനായിയിൽനിന്ന് വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന റഷ്യൻ വിമാനം ബോംബ് സ്ഫോടനത്തിൽ തകർത്തത് തങ്ങളാണെന്ന് ഭീകരവാദികൾ അവകാശപ്പെട്ടിരുന്നു. 224 യാത്രക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.