ന്യൂയോർക്: താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് മറുപടി പറയേണ്ടിവരുമെന്ന് യു.എസ് മുൻ വിദേശകാര്യ സെക്രട്ടറിയും 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിെൻറ എതിരാളിയുമായ ഹിലരി ക്ലിൻറൺ.
പെൻറഗണിെൻറ കമ്പ്യൂട്ടറുകൾ ഹാക് ചെയ്ത് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതിനു പിന്നാലെ യു.എസ് തെരഞ്ഞെടുപ്പ് സമയത്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണ വിവരങ്ങളടങ്ങിയ ഇ-മെയിലുകൾ റഷ്യൻ ഇൻറലിജൻസ് ഉദ്യോഗസ്ഥർ ചോർത്തിയിരുന്നു. ഇത് പിന്നീട് വിക്കിലീക്സ് പുറത്തുവിടുകയും ചെയ്തു. ഇത് ഹിലരിക്കെതിരെ മേൽക്കൈ നേടാൻ ട്രംപിനെ സഹായിച്ചെന്നാണ് കരുതുന്നത്. ഇതിനെല്ലാം അസാൻജ് മറുപടി പറയേണ്ടിവരുമെന്നാണ് ഹിലരി ഭർത്താവ് ബിൽ ക്ലിൻറനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയത്.
അസാൻജുമായി ബന്ധം: ഒരാൾ അറസ്റ്റിൽ
ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജുമായി അടുത്ത ബന്ധം പുലർത്തുന്നയാളെ അറസ്റ്റ് ചെയ്തതായി എക്വഡോർ. അന്വേഷണത്തിെൻറ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജപ്പാനിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വർഷങ്ങളായി ഈ വ്യക്തി താമസിക്കുന്നത് എക്വഡോറിലാണ്. അസാൻജുമായി നിരന്തരം ബന്ധം പുലർത്തുകയും ചെയ്തു. 2010 അഞ്ചു ലക്ഷം സൈനിക രഹസ്യരേഖകൾ പുറത്തുവിട്ടതിന് അസാൻജിനെതിരെ കുറ്റം ചുമത്തുമെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെൻറ് അറിയിച്ചിരുന്നു. യു.എസ് മുൻ സൈനികോദ്യോഗസ്ഥനായിരുന്ന ചെൽസി മാനിങ് ആണ് വിവരങ്ങൾ ചോർത്തിനൽകിയത്. സംഭവത്തിൽ 35 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മാനിങ്ങിെൻറ ശിക്ഷ ഒബാമ ഭരണകൂടം ഇളവു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.