ജറൂസലം: റോഹിങ്ക്യൻ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ കടുത്ത പീഡനങ്ങൾ നടത്തുന്ന മ്യാന്മറിന് ആയുധങ്ങൾ നൽകുന്നത് യു.എസും ഇസ്രായേലും അവസാനിപ്പിക്കണമെന്ന് റബ്ബിമാർ. ‘ദ റബ്ബിനിക് കാൾ ഫോർ ഹ്യൂമൻറൈറ്റ്സ്’ എന്ന സംഘടനയുടെ ഹരജിയിൽ നൂറുകണക്കിന് ജൂതപുരോഹിതരാണ് ഇൗ ആവശ്യത്തിന് അനുകൂലമായി ഒപ്പുവെച്ചിരിക്കുന്നത്. ഇത്തരമൊരു ഇടപെടൽ റബ്ബിമാരുടെ ധാർമികമായ ബാധ്യതയാണെന്ന് ഇവരുടെ പ്രതിനിധി ഡോവ് എൽകിൻസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇസ്രായേലാണ് മ്യാന്മറിന് ഏറ്റവും കൂടുതൽ ആയുധം നൽകുന്ന രാജ്യങ്ങളിലൊന്ന്. ഇൗ സാഹചര്യത്തിലാണ് ഇത്തരമൊരാവശ്യം ഉന്നയിക്കുന്നതെന്നും അവർ വ്യക്തമാക്കി. യു.എസിെൻറയും ഇസ്രായേലിെൻറയും ഇരട്ട പൗരത്വമുള്ളവരാണ് ഇവരിൽ ഏറെയും. അമേരിക്കൻപൗരന്മാരും ജൂതവിശ്വാസികളുമെന്ന നിലയിൽ മനുഷ്യാവകാശലംഘനം നടത്തുന്ന മ്യാന്മർ സൈന്യത്തിന് നൽകുന്ന പരിശീലനവും സഹായങ്ങളും നിർത്തിവെക്കാൻ ആവശ്യപ്പെടുന്നതായി ഹരജിയിൽ പറയുന്നു. മ്യാന്മർ വിഷയത്തിൽ ഇസ്രായേൽ-യു.എസ് നയത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നേരേത്തയും ജൂത സംഘടനകൾ രംഗത്തെത്തിയിരുന്നു.
സർക്കാർ പിന്തുണയോടെ മ്യാന്മറിലെ പടിഞ്ഞാറൻ സംസ്ഥാനമായ രാഖൈനിൽ നടക്കുന്ന സൈനികാതിക്രമങ്ങൾ കാരണം ആറുലക്ഷത്തിലേറെ റോഹിങ്ക്യകൾക്ക് നാടുപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. യു.എന്നും യു.എസും ഇത് വംശീയാതിക്രമമാണെന്ന് വിലയിരുത്തുകയും അപലപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.