മോസ്കോ: വ്ലാദിമിർ പുടിൻ റഷ്യൻ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് പുടിൻ പ്രസിഡൻറ് പദവിയിലെത്തുന്നത്. 2024ൽ അവസാനിക്കുന്ന ആറു വർഷത്തെ കാലാവധിക്കാണ് തിങ്കളാഴ്ച പുടിൻ അധികാരമേറ്റിരിക്കുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷത്തിെൻറ പ്രതിഷേധങ്ങൾക്കിടെയാണ് സത്യപ്രതിജ്ഞ നടന്നത്. തലസ്ഥാനമായ മോസ്കോയിലെ പഴയ സർ ചക്രവർത്തിമാരുടെ െക്രംലിൻ കൊട്ടാരത്തിൽ സിംഹാസന മുറിയിലാണ് ചടങ്ങുകൾ പൂർത്തിയായത്.
മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ 76 ശതമാനം വോട്ടുനേടി വിജയിച്ചതോടെയാണ് 65കാരനായ പുടിന് നാലാമൂഴത്തിന് വാതിൽ തുറന്നത്. തൊട്ടടുത്ത എതിരാളിയായ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിക്ക് 11 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സാമ്പത്തികമായും രാഷ്ട്രീയമായും തകർന്ന റഷ്യയെ ഉയർത്തിക്കാണ്ടുവന്നതിന് ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് പുടിൻ നേരത്തേ അവകാശപ്പെട്ടിരുന്നു. റഷ്യൻ ഭരണഘടന ൈകയിലേന്തിയാണ് പുടിൻ സത്യപ്രതിജ്ഞ ചെയ്തത്. റഷ്യയുടെ ഭാവിക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്യലാണ് തെൻറ ജീവിതലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പുടിെൻറ അധികാരാരോഹണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി അടക്കം 1600ലേറെ പേർ പൊലീസ് കസ്റ്റഡിയിലാണ്. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നാണ് പ്രതിപക്ഷത്തിെൻറ വാദം. അതിനിടെ, പ്രതിഷേധകരെ അടിച്ചമർത്തുന്ന റഷ്യൻ നടപടിയിൽ അപലപിച്ച് യൂറോപ്യൻ യൂനിയൻ രംഗത്തെത്തി.
സോവിയറ്റ് യൂനിയൻ ചാരസംഘടനയായ കെ.ജി.ബി അംഗമായിരുന്ന പുടിൻ 1999ലാണ് റഷ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. അഞ്ചു മാസത്തിന് ശേഷം 47ാം വയസ്സിൽ പ്രസിഡൻറ് പദവിയിലുമെത്തി. ആഭ്യന്തര-അന്താരാഷ്ട്ര ഇടപെടലുകൾ പുടിെൻറ ജനപ്രീതി ഉയർത്തിയതോടെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുെക്രയ്നിലെയും സിറിയയിലെയും ഇടപെടലുകളും പുടിെൻറ ജനപ്രീതി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളുമായി പിണങ്ങിയും ഇണങ്ങിയുമുള്ള നിലപാടാണ് പുടിൻ സ്വീകരിച്ചുവരുന്നത്.
മെദ്വ്യദെവ് വീണ്ടും പ്രധാനമന്ത്രി
മോസ്കോ: റഷ്യയുടെ പ്രധാനമന്ത്രിയായി വീണ്ടും ദിമിത്രി മെദ്വ്യദെവിനെ പ്രസിഡൻറ് വ്ലാദിമിർ പുടിൻ നാമനിർദേശം ചെയ്തു. നാലാമതും പ്രസിഡൻറ് പദവിയിൽ സത്യപ്രതിജ്ഞ ചെയ്ത ഉടനെയാണ് തെൻറ അടുത്ത സഹായിയായ മെദ്വ്യദെവിനെ പിന്തുണക്കാൻ പുടിൻ പാർലമെൻറിനോട് ആവശ്യപ്പെട്ടത്.
2008 മുതൽ 2012 വരെ കാലയളവിൽ പ്രസിഡൻറ് പദവിയിലിരുന്ന 52കാരനായ മെദ്വ്യദെവ്, 2012ൽ പുടിൻ വീണ്ടും പ്രസിഡൻറായപ്പോൾ പ്രധാനമന്ത്രിയാവുകയായിരുന്നു. 1990കൾ മുതൽ സഹപ്രവർത്തകരായ പുടിനും മെദ്വ്യദെവും തമ്മിൽ ധാരണയോടെയാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.