ലുബ്ലിയാന: പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വൈറസ് മുക്ത രാജ്യമെന്ന് പ്രഖ്യാപിച്ച് അതിർത്തികൾ തുറന്ന് സ്ലൊവീനിയ.
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ യൂറോപ്പിൽ ഏറ്റവും മികച്ച സാഹചര്യമുള്ള രാജ്യമാണ് സ്ലൊവീനിയ. ഇത് കോവിഡ് മഹാമാരിയെ തുടച്ചുനീക്കാൻ തങ്ങളെ പ്രാപ്തരാക്കിയെന്ന് പ്രധാനമന്ത്രി ജാനസ് ജാൻസ പറഞ്ഞു. രണ്ടു മാസത്തെ ലോക്ഡൗണിന് ശേഷമാണ് സ്ലൊവീനിയയെ കോവിഡ് മുക്ത രാഷ്ട്രമായി പ്രഖ്യാപിച്ചത്.
ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന സ്ലൊവീനിയയിൽ 20 ദശലക്ഷം ജനങ്ങളുണ്ട്. രാജ്യത്ത് ഇതുവരെ 1,500 കോവിഡ് വൈറസ് കേസുകളും 103 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയ കോവിഡ് കേസുകളുടെ തോത് കുറഞ്ഞതോടെ എല്ലാ യൂറോപ്യൻ യൂനിയൻ പൗരന്മാർക്കും അതിർത്തി കടന്നുള്ള യാത്രക്ക് സർക്കാർ അനുമതി നൽകി. കോവിഡ് വൈറസ് പടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, രാഷ്ട്രം പ്രത്യേകമായി കൈകൊണ്ട നടപടികൾ പ്രാബല്യത്തിൽ തുടരുമെന്നും പ്രധാന മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
മേയ് 23 മുതൽ ഫുട്ബാളും മറ്റ് കായിക ടീമുകളുടെ മത്സരങ്ങളും പുനഃരാരംഭിക്കാമെന്നും അറിയിപ്പുണ്ട്.
പൊതു ഇടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതിനുള്ള നിരോധനം നിലനിൽക്കും. സാമൂഹിക അകലം പാലിക്കൽ നിയമങ്ങളും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാണ്.
സ്ലൊവീനിയ പകർച്ചവ്യാധി മുക്തമെന്ന് പ്രഖ്യാപിച്ചെങ്കിലും വൈറസ് ഭീഷണിയിൽ തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. മറ്റൊരു യൂറോപ്യൻ രാജ്യവും ഇതുവരെ പകർച്ചവ്യാധി അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.