സോൾ: അതിർത്തിയിൽ സംഘർഷം തുടരുന്ന ഇരു കൊറിയകൾക്കുമിടയിൽ മഞ്ഞുരുക്കത്തിന് വഴിയൊരുക്കി ഉഭയകക്ഷി ചർച്ചകൾക്ക് ക്ഷണം. അടുത്തിടെ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് മേഖലയെ യുദ്ധാന്തരീക്ഷത്തിലേക്ക് നയിച്ച ഉത്തര കൊറിയയെ അയൽരാജ്യമായ ദക്ഷിണ കൊറിയയാണ് സമാധാന ചർച്ചകൾക്ക് ക്ഷണിച്ചത്. രണ്ടു മാസം മുമ്പ് അധികാരമേറ്റ മിതവാദിയായ പ്രസിഡൻറ് മൂൺ ജെ ഇൻ ഇടപെട്ടാണ് ഇരുരാജ്യങ്ങളെയും വീണ്ടും സമാധാനത്തിെൻറ വഴിയിലെത്തിക്കാൻ നീക്കങ്ങൾക്ക് തുടക്കമിടുന്നത്.
പരസ്പരം ശത്രുതയുടെ വഴി മറക്കാൻ ഇൗ മാസം 21ന് സൈനികതല ചർച്ചകൾ നടത്താമെന്നും 1950കളിലെ യുദ്ധത്തോടെ ഇരു രാജ്യങ്ങളിൽ കുടുങ്ങിയവരുടെ പുനഃസമാഗമത്തിന് അവസരമൊരുക്കാമെന്നും ദക്ഷിണ കൊറിയൻ പ്രതിരോധ ഉപമന്ത്രി സു ചൂ സുക് പറഞ്ഞു. ചർച്ചയുടെ ഒന്നാം ഘട്ടം ഉത്തര കൊറിയൻ അതിർത്തി ഗ്രാമമായ പൻമുൻജോമിൽ തോങ്ങിലാക് കെട്ടിടത്തിൽ നടത്തണമെന്നാണ് ആവശ്യം. കൊറിയൻ യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചത് ഇൗ കെട്ടിടത്തിൽവെച്ചായിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാന ചർച്ചകൾ നടന്നത് 2015 ഡിസംബറിലായിരുന്നു.
അതിർത്തിയിലെ കുടുംബങ്ങളുടെ പുനഃസമാഗമത്തിന് വഴിയൊരുക്കി ദക്ഷിണ കൊറിയൻ റെഡ്ക്രോസ് ചർച്ചകൾക്ക് നേരത്തേ തുടക്കമിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.