സ്റ്റോക്ഹോം: സ്വീഡനിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മധ്യ-ഇടത് സഖ്യത്തിന് തിരിച്ചടി. എന്നാൽ, കുടിയേറ്റ വിരുദ്ധ മുദ്രാവാക്യവുമായി രംഗത്തെത്തിയ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനലിസ്റ്റ് സ്വീഡൻ ഡെമോക്രാറ്റ്സ് നേട്ടമുണ്ടാക്കി.
ഒരു പാർട്ടിയും സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ ഭൂരിപക്ഷം നേടാതായതോടെ സഖ്യ സാധ്യതകൾ ആരാഞ്ഞ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സഖ്യങ്ങളായ മധ്യ-ഇടത് സഖ്യവും മധ്യ-വലത് സഖ്യവും 40 ശതമാനത്തിലേറെ വോട്ടുകളാണ് നേടിയത്. സ്വീഡൻ ഡെമോക്രാറ്റ്സ് 18 ശതമാനം വോട്ടുകളും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടുകൾ മാത്രമാണ് ഇൗ പാർട്ടിക്ക് ലഭിച്ചത്. ആകെ 349 സീറ്റുകളിൽ ഭരണകക്ഷി 144ഉം പ്രധാന എതിരാളികളായ മധ്യ-വലത് സഖ്യം 142ഉം സ്ഥലങ്ങളിൽ വിജയിച്ചു. 63 സീറ്റുകളാണ് തീവ്ര വലതുകക്ഷിക്ക് ലഭിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം സഖ്യ ചർച്ചകൾ സജീവമായതോടെ തീവ്ര വലതുപക്ഷത്തോട് യോജിക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രധാന പാർട്ടികൾ. കുടിയേറ്റ വിരുദ്ധ നിലപാടുകളാൽ വിവാദങ്ങളിൽ നിറഞ്ഞ പാർട്ടിയെ ഭരണത്തിൽനിന്ന് അകറ്റാനാണ് ഇത്തരമൊരു നീക്കം. എന്നാൽ, ഏത് പാർട്ടിയുമായും സഖ്യത്തിന് സന്നദ്ധമാണെന്ന് സ്വീഡൻ ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് വ്യക്തമാക്കി.
അതിനിടെ, സർക്കാർ രൂപവത്കരണത്തിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പ്രതിപക്ഷവുമായി ചേർന്ന് സഖ്യസർക്കാർ രൂപവത്കരണത്തിന് ഭരണപക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വൻ പ്രതിപക്ഷത്തെ ചർച്ചകൾക്ക് ക്ഷണിച്ചു.
പ്രതിപക്ഷം പ്രതികരിച്ചിട്ടില്ല. തീവ്ര വലതുപക്ഷ പാർട്ടിയോട് ഇടഞ്ഞുനിൽകുന്ന പ്രധാന പാർട്ടികൾ ഒരുമിച്ച് സർക്കാർ രൂപവത്കരിക്കാനാണ് സാധ്യത.
നവനാസി പശ്ചാത്തലമുള്ള പാർട്ടികൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ ജനപിന്തുണ വർധിക്കുന്നതിെൻറ സൂചനയാണ് സ്വീഡൻ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.