അങ്കാറ: സിറിയയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ആഫ്രീനിൽ കുർദ് വിമതർക്കെതിരെ ആക്രമണം നടത്തുന്ന തുർക്കി സേനക്ക് നിർണായക നേട്ടം. സിറിയയിലെ വിമത സേനയുടെ സഹായത്തോടെ മേഖലയിലെ 11 കുർദ് കേന്ദ്രങ്ങൾ തുർക്കി സേന പിടിച്ചെടുത്തു. അതിനിടെ, ഏറ്റുമുട്ടലിൽ ഒരു തുർക്കി േസനാംഗം കൊല്ലപ്പെട്ടിട്ടുമുണ്ട്. ഏറ്റമുട്ടലിനിടെ 24 സിറിയൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. യു.കെയിൽ പ്രവർത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരിൽ 22 പേർ തുർക്കി സേനയുടെ ആക്രമണത്തിലും രണ്ടുപേർ കുർദ് തിരിച്ചടിയിലുമാണ് കൊല്ലപ്പെട്ടത്. എന്നാൽ, സിവിലിയന്മാർ കൊല്ലെപ്പട്ടുവെന്നത് വ്യാജപ്രചാരണമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി പറഞ്ഞു.
സിറിയയിലെ കുർദിഷ് ഡെമോക്രാറ്റിക് പാർട്ടിയുടെ സായുധ വിങ്ങായ വൈ.പി.ജിയെ നേരിടാനാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ തുർക്കി ആക്രമണം തുടങ്ങിയത്. ഇവരെ തീവ്രവാദികളായാണ് അങ്കാറ ഭരണകൂടം വിലയിരുത്തുന്നത്. തുർക്കിയിൽ ആഭ്യന്തര സംഘർഷമുണ്ടാക്കുന്ന രാജ്യത്തെ കുർദ് വിമതരുമായി ഇവർക്ക് ബന്ധമുണ്ടെന്നും തുർക്കി വിലയിരുത്തുന്നു. തുർക്കി-സിറിയ അതിർത്തിയിൽ കുർദ് സഖ്യമുണ്ടാകുന്നതിനെ തടയലാണ് ആക്രമണത്തിെൻറ ഉദ്ദേശ്യം. ആഫ്രീനിൽ 30 കിലോമീറ്റർ സുരക്ഷിത മേഖലയുണ്ടാക്കലാണ് ആക്രമണ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം തുർക്കി പ്രധാനമന്ത്രി ബിൻ അലി യിൽദിരിം വ്യക്തമാക്കിയിരുന്നു.
എന്നാൽ, ആക്രമണത്തെ എതിർത്ത് സിറിയയിലെ ബശ്ശാർ അൽഅസദ് ഭരണകൂടവും റഷ്യയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ യു.എസും തുർക്കിയുടെ നീക്കത്തിൽ അസംതൃപ്തി അറിയിച്ചിരുന്നു. സിറിയയിലെ യു.എസ് സഖ്യകക്ഷിയാണ് കുർദ് വിമതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.