തുർക്കി പു​തി​യ ച​രി​​ത്ര​ പാ​ത​യി​ൽ

അങ്കാറ: ജനാധിപത്യ ഭരണക്രമത്തിൽ തുർക്കിയുടെ സഞ്ചാരം ഇനി പുതിയ പാതയിൽ. പാർലമ​​െൻററി ഭരണക്രമത്തിൽനിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറുന്നതു സംബന്ധിച്ച ഹിതപരിശോധനക്ക് അനുകൂല വിധിയുണ്ടായതോടെ, രാജ്യം വരുംനാളുകളിൽ പുത്തൻ ജനാധിപത്യപരീക്ഷണത്തി​​െൻറ വേദിയായി മാറും. ഭരണഘടന ഭേദഗതിക്കായി ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ 51.3 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചത്. ഹിതപരിശോധന ഫലത്തെ സ്വാഗതംചെയ്ത് ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് െഡവലപ്മ​​െൻറ് പാർട്ടിയും നാഷനലിസ്റ്റ് മൂവ്െമൻറ് പാർട്ടിയും രംഗത്തെത്തി. പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ അഭിനന്ദിച്ച് വിവിധ രാഷ്ട്രത്തലവന്മാരും പ്രസ്താവന നടത്തിയിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി (സി.എച്ച്.പി) തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂനിയനും ഹിതപരിശോധനയെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ചരിത്രപരമായ തീരുമാനമെടുത്ത തുർക്കി ജനതയെ ഉർദുഗാൻ അഭിനന്ദിച്ചു. കാലങ്ങളായി പല ശക്തികളും തുർക്കിയെ ആക്രമിക്കുകയാണെന്നും പുതിയ ഭരണക്രമത്തിലൂടെ അവയെ പ്രതിരോധിക്കുമെന്നും ഇസ്തംബൂളിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പെങ്കടുത്ത മുഴുവൻ ജനങ്ങളെയും അഭിവാദ്യംചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തുർക്കിയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായമാണിതെന്ന് പ്രധാനമന്ത്രി ബിൻഅലി യിൽദിരിം പറഞ്ഞു. ജനവിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിയും പ്രകടനങ്ങൾ നടക്കുകയാണ്.

മാറ്റങ്ങൾ എന്തൊക്കെ?

പ്രസിഡൻഷ്യൽ ഭരണക്രമത്തിലേക്കുള്ള ചുവടുമാറ്റത്തിനായി 18 ഭരണഘടന ഭേദഗതികൾക്കാണ് ഹിതപരിശോധനയിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രസിഡൻറിന് കൂടുതൽ അധികാരം അനുവദിക്കുന്നതായിരിക്കും ഇൗ മാറ്റം. 2019 നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പോടെയായിരിക്കും ഇത് പ്രാബല്യത്തിൽ വരുക. ഇതോടെ രാജ്യത്ത് പ്രധാനമന്ത്രി ഉണ്ടാകില്ല. പകരം, വൈസ് പ്രസിഡൻറിനെയും മന്ത്രിമാരെയും ഉന്നത ജഡ്ജിമാരെയുമെല്ലാം നിയമിക്കുക പ്രസിഡൻറായിരിക്കും.
പാർലമ​​െൻറ് പിരിച്ചുവിടുന്നതിനും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനും അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനും പ്രസിഡൻറിന് അധികാരമുണ്ടാകും. 2019ലെ തെരഞ്ഞെടുപ്പിൽ ഉർദുഗാൻ തെരഞ്ഞെടുക്കപ്പെട്ടാൽ, അദ്ദേഹത്തിന് പരമാവധി 2029 വരെ ഭരണത്തിൽ തുടരാനും ഇൗ  മാറ്റം വഴിയൊരുക്കും. സൈന്യത്തി​​െൻറ അധികാരം കുറക്കുന്നതുകൂടിയായിരിക്കും ഇൗ മാറ്റങ്ങളൊക്കെയും. പലപ്പോഴും സൈനിക അട്ടിമറിയുടെ നിഴലിലായിരുന്ന തുർക്കിക്ക് ഇൗ മാറ്റം ഗുണം ചെയ്യുമെങ്കിലും പ്രസിഡൻറ് അമിതാധികാരം പ്രയോഗിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
 
പത്തു വർഷം മുമ്പ് തുടങ്ങിയ മാറ്റം

തുർക്കിയിൽ പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള മാറ്റത്തിന് ജസ്റ്റിസ് ആൻഡ് ഡെവലപ്െമൻറ് പാർട്ടിയുടെ ശ്രമങ്ങൾക്ക് ചുരുങ്ങിയത് പത്തു വർഷത്തെ പഴക്കമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. 2007ൽ, പ്രസിഡൻറ് തെരഞ്ഞെടുപ്പ് രീതി മാറ്റുന്നതിന് സർക്കാർ നിർദേശം മുന്നോട്ടുവെച്ചിരുന്നു. പാർലമ​​െൻറ് അംഗങ്ങൾ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന രീതി മാറ്റി ജനങ്ങൾക്ക് വോട്ടവകാശം നൽകുന്ന സമ്പ്രദായം നിലവിൽവന്നത് അങ്ങനെയാണ്. മൂന്നു വർഷത്തിനുശേഷം, സൈന്യത്തി​​െൻറ അധികാരം ദുർബലപ്പെടുത്തുന്ന നിയമ ഭേദഗതി കൊണ്ടുവന്നു. ഇതി​​െൻറ തുടർച്ചയായാണ് ഹിതപരിശോധന നടന്നത്. 1960നുശേഷം, തുർക്കിയിൽ നാലു തവണ പട്ടാള അട്ടിമറി നടന്നിട്ടുണ്ട്. പട്ടാളത്തി​​െൻറ അമിതാധികാരം ചെറുക്കുന്നതിന് ഇൗ ഭേദഗതികൾ സഹായകമായിട്ടുണ്ട്.

അനുകൂലിക്കുന്നവരും എതിർക്കുന്നവരും

ജനവിധിയെ ഭൂരിഭാഗം അറബ് രാജ്യങ്ങളും അനുകൂലിച്ചു. ഖത്തർ, ഫലസ്തീൻ, പാകിസ്താൻ, ഇറാഖ്, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുടെ ഭരണത്തലവന്മാർ ഉർദുഗാനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അതേസമയം, യൂറോപ്യൻ യൂനിയന് ഹിതപരിശോധന ഫലം കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഹിതപരിശോധനക്കെതിരായി യൂറോപ്യൻ യൂനിയൻ നിലപാട് സ്വീകരിച്ചിരുന്നു. ഹിതപരിശോധന തങ്ങൾക്കനുകൂലമാക്കാൻ യൂറോപ്യൻ യൂനിയൻ പലവിധ പ്രചാരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ജർമനി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രചാരണങ്ങൾ ഏറെയും നടന്നത്. ഹിതപരിശോധനയെ ആശങ്കേയാടെയാണ് യൂറോപ് കാണുന്നത്. മുഴുവൻ കക്ഷികളുമായി ചർച്ച നടത്തിവേണം ഭരണഘടന ഭേദഗതി നിർവഹിക്കാനെന്ന് ജർമൻ ചാൻസലർ  ആംഗല മെർകൽ ഉൾപ്പെടെയുള്ളവർ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.

Tags:    
News Summary - turkey referendum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.