മോസ്കോ: ട്വിറ്റർ നയതന്ത്രത്തിൽ വിശ്വസിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് റഷ്യയുടെ മറുപടി. സിറിയയിൽ സൈനികനടപടിയെടുക്കുമെന്നും തടുക്കാൻ കഴിയുമെങ്കിൽ തടുത്തോളൂ എന്നുമുള്ള ട്രംപിെൻറ ട്വീറ്റിനെയാണ് റഷ്യൻ പാർലമെൻറ് വക്താവ് ദിമിത്രി പെസ്കോവ് പരിഹസിച്ചത്. പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് ഞങ്ങൾ.
സിറിയയിൽ യു.എസ് സൈനികനടപടിയിലേക്ക് നീങ്ങിയാൽ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും പെസ്കോവ് വിലയിരുത്തി. നല്ല മിസൈലുകൾ തൊടുക്കേണ്ടത് തീവ്രവാദികൾക്കുനേരെയാണെന്നും സിറിയൻ സർക്കാറിനെ ലക്ഷ്യം വെച്ചല്ലെന്നുമായിരുന്നു ട്രംപിെൻറ ട്വീറ്റിന് റഷ്യൻ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സകറോവയുടെ പ്രതികരണം.
സിറിയയിൽ സൈനികനടപടിക്ക് യു.എസിനൊപ്പം നിൽക്കണോയെന്ന് തീരുമാനിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. പാർലമെൻറിെൻറ അനുമതി തേടാതെ ബശ്ശാർ സർക്കാറിനെതിരെ നടപടി സ്വീകരിക്കാനുള്ള വഴികളാണ് മേയ് ആരായുന്നതെന്ന് റിപ്പോർട്ടുണ്ട്. കിഴക്കൻ ഗൂതയിൽ വിമതർക്കെതിരെ സിറിയൻ സർക്കാർ രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാണും വ്യക്തമാക്കി. അതിനിടെ, സിറിയയെ ആക്രമിക്കുമെന്ന തെൻറ പ്രസ്താവനയിൽനിന്ന് ട്രംപ് മലക്കം മറിഞ്ഞു.
സിറിയയിൽ ആക്രമണം നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. സിറിയയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി. സിറിയയിൽ ഒരുമിച്ചുനിൽക്കാനും ഇരുവരും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.