ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകുന്ന ബോറിസ് ജോൺസൺ ആരെന്നറിയാം. വലതുപക്ഷക്കാരനും തീവ്ര വംശീയ വാദിയുമാണ് ബോറിസ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ബ്രെക്സിറ്റ് കാമ്പയിൻ അനുകൂലിയാണ്.
1964ൽ ന്യൂയോർക്ക്സിറ്റിയിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്‍റെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്‍റേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു.
അതിനിടെ 2001ൽ ഹെൻലിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി. 2018 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു. വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽനിന്നുമടക്കം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകൾ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്‍റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബോറിസിന്‍റെ ബ്രെക്സിറ്റ് നയങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ബോറിസിന്‍റെ നയങ്ങളോട് കടുത്ത എതിർപ്പുള്ള ചില നേതാക്കൾ രാജിക്കൊരുങ്ങുന്നുണ്ട്. ധനമന്ത്രി ഫിലിപ്പ് ഹാമണ്ട്, നിയമ മന്ത്രി ഡേവിഡ് ഗൗക്കെ എന്നിവരാണ് ബോറിസ് തലപ്പത്ത് എത്തിയാൽ രാജിയെന്ന് പ്രഖ്യാപിച്ച പ്രമുഖർ. കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബർ 31ന് യൂറോപ്യൻ യൂനിയൻ വിടുകയെന്ന ബോറിസിന്‍റെ നയത്തോട് വിയോജിച്ചാണ് ഫിലിപ്പ് ഹാമണ്ടിന്‍റെ രാജി. ബ്രിട്ടൻ അപമാനിക്കപ്പെടാൻ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.