കിയവ്: യുക്രെയ്നിലെ കിഴക്കൻ മേഖലയിൽ ആക്രമണം തുടരുന്നതിനിടെ, റഷ്യക്കെതിരെ കൂടുതൽ ഉപരോധ നടപടികളുമായി യൂറോപ്യൻ യൂനിയൻ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി നിരോധിക്കണമെന്ന് യൂറോപ്യൻ യൂനിയൻ അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതോടൊപ്പം റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ചുമത്താനും നീക്കമുണ്ട്. മരിയുപോളിലും ബുച്ചയിലുമടക്കം യുദ്ധക്കുറ്റം നടത്തിയ 58 വ്യക്തികൾക്കുൾപ്പെടെ ഉപരോധം പ്രാബല്യത്തിൽ കൊണ്ടുവരാൻ യൂറോപ്യൻ അംഗരാജ്യങ്ങളുടെ അനുമതി ആവശ്യമാണ്.
അന്താരാഷ്ട്ര ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റിൽനിന്ന് റഷ്യയിലെ വലിയ ബാങ്കായ സെർബാങ്ക് ഉൾപ്പെടെ സുപ്രധാന ബാങ്കുകളെ ഒഴിവാക്കണമെന്നും യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ അഭ്യർഥിച്ചു. റഷ്യൻ ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റുകൾക്കും യൂറോപ്യൻ യൂനിയനിൽ നിയന്ത്രണം വരും. റഷ്യക്കെതിരെ യൂനിയൻ സ്വീകരിക്കുന്ന ആറാംഘട്ട ഉപരോധ നടപടികളാണിത്.
യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ ആറുമാസത്തിനകം ക്രൂഡ് ഓയിലിന്റെയും വർഷാവസാനത്തോടെ ശുദ്ധീകരിച്ച ഉൽപന്നങ്ങളുടെയും ഇറക്കുമതി അവസാനിപ്പിക്കും. അംഗരാജ്യങ്ങൾക്ക് ബദൽ സംവിധാനങ്ങൾ കണ്ടെത്തുന്നതിനും ആഗോള വിപണിയിലെ ആഘാതം കുറക്കാൻ സഹായിക്കുകയും ചെയ്യുന്ന വിധത്തിൽ റഷ്യൻ എണ്ണയുടെ ഉപയോഗത്തിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും ഉർസുല വോൺ വ്യക്തമാക്കി.
പല യൂറോപ്യൻ രാജ്യങ്ങളും ഊർജ ഉൽപന്നങ്ങൾക്കായി റഷ്യയെയാണ് പൂർണമായി ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ, എണ്ണ ഇറക്കുമതി നിരോധിക്കൽ ഈ രാജ്യങ്ങൾക്ക് അത്ര എളുപ്പമാകില്ല.മരിയുപോളിലെ അസോവ്സ്റ്റാൽ ഉരുക്കു പ്ലാന്റിൽ അഭയംതേടിയ നിരവധി പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.
അതിനിടെ, ലിവിലെ മൂന്ന് വൈദ്യുതി നിലയങ്ങൾക്കുനേരെ റഷ്യ കഴിഞ്ഞദിവസം ആക്രമണം നടത്തി. ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിലും റഷ്യൻ സൈന്യം ഷെല്ലിങ്ങും ആക്രമണവും കൂടുതൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.