കിയവ്: യുക്രെയ്ൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ താൽക്കാലികമായി നിർത്താനുള്ള യുറോപ്യൻ യൂനിയൻ തീരുമാനത്തെ സ്വാഗതം ചെയ്ത് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. റഷ്യൻ അധിനിവേശം തകർത്ത യുക്രെയ്ന്‍റെ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരാൻ ഈ നീക്കം സഹായിക്കുമെന്ന് സെലൻസ്കി പറഞ്ഞു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
യുക്രെയ്നിലെ സാമ്പത്തിക പ്രവർത്തനങ്ങൾ പരമാവധി നിലനിർത്താനും ദേശീയ ഉൽപാദനം സംരക്ഷിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് സെലൻസ്കി പറഞ്ഞു. ഇറക്കുമതി തീരുവ താൽക്കാലികമായി നിർത്താനുള്ള തീരുമാനം ബുധനാഴ്ചയാണ് യൂറോപ്യൻ യൂനിയൻ പ്രഖ്യാപിച്ചത്.
യൂറോപ്യൻ യൂനിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌നുമായി ഈ സംരംഭത്തെക്കുറിച്ച് ചർച്ച ചെയ്തതായി സെലെൻസ്‌കി പറഞ്ഞു. ആഗോള വില വർധനവിനെ രൂക്ഷമാക്കാനും ലോക ഭക്ഷ്യ വിപണിയിൽ കുഴപ്പം സൃഷ്ടിക്കാനും റഷ്യ ശ്രമിക്കുന്നതായി സെലൻസ്കി ആരോപിച്ചു.
"യുക്രെയ്ൻ ഉൽപന്നങ്ങളുടെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്ൻ ഉൽപാദകരുടെയും കയറ്റുമതിക്കാരുടെയും പ്രയാസകരമായ സാഹചര്യം ലഘൂകരിക്കാൻ ഈ പദ്ധതി സഹായിക്കും"- സെലൻസ്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.