കയ്റോ: ലോകത്തെ മുൾമുനയിൽ നിർത്തി സൂയസ് കനാലിൽ കുടുങ്ങിക്കിടന്ന ചരക്കു കപ്പൽ 'എവർ ഗിവൺ' രക്ഷപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇനിയും ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാനാകാതെ കുരുക്കിൽ. അന്ന് കാറ്റിൽപെട്ട് മണൽതിട്ടയിലമർന്നാണ് യാത്ര മുടങ്ങിയതെങ്കിൽ ഇത്തവണ കോടതി നേരിട്ട് ഇടപെട്ട് കണ്ടുകെട്ടിയതാണ് വില്ലനായത്. സൂയസ് കനാലിൽ ആറു ദിവസം ചരക്കു കടത്ത് മുടക്കിയ കപ്പൽ ഈജിപ്ത് സർക്കാറിനുണ്ടാക്കിയ വരുമാന നഷ്ടം ചെറുതല്ല. കപ്പൽ രക്ഷപ്പെടുത്താൻ മുടക്കിയ തുകയും ഒപ്പം ആറു ദിവസത്തെ വരുമാന നഷ്ടവും ചേർത്ത് 90 കോടി ഡോളർ (6,767 കോടി രൂപ) അടച്ചാലേ കപ്പൽ പോകാൻ അനുവദിക്കൂ എന്നാണ് ഈജിപ്ത് നിലപാട്. അതുവരെയും 'എവർ ഗിവൺ' സൂയസിനു നടുക്ക് സുരക്ഷിതമായി കിടക്കുമെന്നാണ് സൂചന.
ശരാശരി 50 കപ്പലുകൾ പ്രതിദിനം കനാൽ കടന്നുപോകുന്നുണ്ട്. ഒരാഴ്ച എവർ ഗിവൺ' കപ്പൽ കുടുങ്ങിക്കിടക്കുക വഴി 442 മറ്റു ചരക്കുകപ്പലുകളാണ് പാതിവഴിയിൽ കുടുങ്ങിക്കിടന്നത്. ലോക വിപണിയിൽ അവശ്യ വസ്തുക്കൾക്കു നേരിട്ട ക്ഷാമവും വിലക്കയറ്റവും ആഗോള തലത്തിൽ വൻ ആശങ്കയാണ് സൃഷ്ടിച്ചത്.
കപ്പൽ ഉടമകളായ ജപ്പാനിലെ ഷൂയി കിസെൻ കെയ്ഷ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സമാന സാഹചര്യത്തിൽ മറ്റു കപ്പലുകളും കനാലിലുണ്ടായിരുന്നിട്ടും അപകടമില്ലാതെ മറുതീരം കടന്നിരിക്കെ, 'എവർഗിവൺ' മാത്രം കുടുങ്ങാൻ കാരണം തേടി സർക്കാർ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുവദിച്ചതിനെക്കാൾ വേഗത്തിലായിരുന്നു കപ്പൽ കനാലിൽ സഞ്ചരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. കാറ്റു പിടിക്കാൻ ഇതു കാരണമായിട്ടുണ്ടാകുമെന്നാണ് സംശയം.
കനാൽ മുടങ്ങിയതിന് നഷ്ടപരിഹാരം നൽകാൻ ഇതുവരെയും സന്നദ്ധത അറിയിച്ചില്ലെന്നും അതിനാൽ ചരക്കു കപ്പൽ ഔദ്യോഗികമായി കണ്ടുകെട്ടിയതായും കനാൽ മേധാവി ലഫ്. ജനറൽ ഉസാമ റബീഅ് പറഞ്ഞു. കപ്പൽ ഉടമകൾ ജപ്പാനിലും നടത്തിപ്പ് തായ്വാൻ കമ്പനിയും പതാക പാനമയുമായിരിക്കെ നഷ്ട പരിഹാരം സംബന്ധിച്ച നടപടികൾ അതിവേഗം പൂർത്തിയാകില്ലെന്നാണ് സൂചന.
മാർച്ച് 23നാണ് സൂയസ് പട്ടണത്തിനരികെ എവർ ഗിവൺ മണലിൽ പുതഞ്ഞത്. ദക്ഷിണ ഭാഗത്തെ പ്രവേശനഭാഗത്തുനിന്ന് ആറു കിലോമീറ്റർ മാത്രം അകലെയായിരുന്നു സംഭവം. പ്രതിദിനം ശതകോടികളുടെ ചരക്കുകടത്താണ് അതോടെ മുടങ്ങിയത്. യൂറോപിനെയും ഏഷ്യയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ചരക്കുകടത്ത് ജലപാതയാണിത്. ആഗോള നാവിക ചരക്കുകടത്തിന്‍റെ 30 ശതമാനവും സഞ്ചരിക്കുന്നത് ഇതുവഴിയാണ്.
ദിവസങ്ങൾ കഴിഞ്ഞ് രക്ഷപ്പെടുത്തിയ കപ്പൽ സൂയസിന്‍റെ ഭാഗമായ 'ഗ്രേറ്റ് ബിറ്റർ' തടാകത്തിലാണുള്ളത്. ഇനി എത്ര നാൾ ഇവിടെ തന്നെ കിടക്കുമെന്നതു സംബന്ധിച്ച് വ്യക്തതയൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.