യാംഗോൻ: അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈന്യം മ്യാന്മറിൽ ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തി. രാജ്യത്ത് 'സ്ഥിരത' നിലനിർത്തുന്നതിനാണ് വിലക്കെന്നാണ് സൈനിക ഭാഷ്യം. ഫെബ്രുവരി ഏഴുവരെയാണ് വിലക്കെന്ന് മ്യാന്മർ വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച നടന്ന പട്ടാള അട്ടിമറിക്കെതിരായ പ്രതിഷേധത്തിെൻറ പ്രധാന കേന്ദ്രമായിരുന്നു ഫേസ്ബുക്ക്. പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനായി പ്രക്ഷോഭകർ ഫേസ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. ഇൻറർനെറ്റ് സൗകര്യങ്ങൾ പരിമിതമായ മ്യാന്മറിലെ അഞ്ചരക്കോടി ജനങ്ങളിൽ പകുതിയോളം പേർ ഫേസ്ബുക്ക് ഉപഭോക്താക്കളാണ്.
തങ്ങളുടെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന് മ്യാന്മർ അധികൃതരോട് ഫേസ്ബുക്ക് ആവശ്യപ്പെട്ടു. ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തണമെന്ന അധികൃതരുടെ നിർദേശം തങ്ങൾ പാലിക്കുമെന്ന് പ്രധാന ഇൻറർനെറ്റ് സേവനദാതാക്കളായ ടെലിനോർ മ്യാന്മർ പറഞ്ഞു. എന്നാൽ ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന പാർലമെൻറംഗങ്ങളിൽ പലരും തലസ്ഥാന നഗരിയിൽ അവർ തങ്ങുന്ന സ്ഥലം ഒഴിയാൻ വിസമ്മതിക്കുകയാണ്. ഇതിനു പുറമെ നഗരവാസികളുടെ പാത്രം കൊട്ടൽ, മണ്ഡലയ് വാഴ്സിറ്റിക്ക് മുന്നിൽ വിദ്യാർഥികളുടെ പ്രകടനം എന്നിങ്ങനെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. എന്നാൽ രാജ്യവ്യാപകമായി ആരോഗ്യപ്രവർത്തകർ ആരംഭിച്ച നിയമലംഘന സമരമാണ് പട്ടാള അട്ടിമറിക്കെതിരായ ശക്തമായ പ്രതിഷേധം.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. അതേസമയം, തലസ്ഥാനമായ നൈപിഡാവിൽ സൈന്യത്തിന് അഭിവാദ്യമർപ്പിച്ച് ആയിരങ്ങളുടെ റാലി നടന്നു.
മ്യാന്മറിൽ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ അട്ടിമറിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്. ഇക്കാര്യത്തിൽ മ്യാന്മറിന് മേൽ സമ്മർദം ചെലുത്താനാവശ്യമായ സാധ്യമായ എല്ലാ ശ്രമവും നടത്തും.
രക്ഷാസമിതിയിൽ ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, രക്ഷാസമിതിയിൽ മ്യാന്മറിനെ സംരക്ഷിക്കുന്ന നിലപാടാണ് ചൈനയുടേത്. ഇതിനാൽ മ്യാന്മറിന് മേൽ ഉപരോധമേർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ ഏകാഭിപ്രായത്തിന് സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.