ബൈറൂത്: ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സെൻട്രൽ ബൈറൂത്തിലെ റഅ്സ് അന്നബഅ് ജില്ലയിൽ സിറിയൻ ബഅസ് പാർട്ടിയുടെ ലബനാൻ ശാഖ ഓഫിസിന് നേർക്കുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ ബൈറൂത്തിലെ ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് പലായനം ചെയ്ത നിരവധി പേർ അഭയം തേടിയ മേഖലയാണിത്. ഇവിടെ മുന്നറിയിപ്പില്ലാതെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
വർഷങ്ങളായി ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസിന്റെ ഉത്തരവാദിത്തം വഹിച്ചിരുന്നത് അഫീഫായിരുന്നു. ഗസ്സ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ 3452 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 14,664 പേർക്ക് പരിക്കേറ്റു.
വടക്കൻ ഗസ്സയിലെ ആക്രമണത്തിൽ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു. 21കാരനായ ഇദാൻ കെയ്നാൻ ആണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു.
വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിലെ ജനവാസ മേഖലയിൽ ഞായറാഴ്ച രാവിലെ ഇസ്രായേൽ ബോംബിങ്ങിൽ 72 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അഞ്ചുനില കെട്ടിടം തകർന്നാണ് 50ലേറെ പേരുടെ ജീവൻ പൊലിഞ്ഞത്.
നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മറ്റൊരു വീടിന് മുകളിൽ ബോംബിട്ടാണ് 15 പേരെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.