വാഷിങ്ടൺ: എൻ.െഎ.എ.െഎ.ഡി ഡയറക്ടറും കോവിഡ് ടാസ്ക് ഫോഴ്സ് തലവനുമായ ഡോ. അന്തോണി ഫൗസിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഫൗസിയെ ദുരന്തമെന്ന് അധിക്ഷേപിച്ച ട്രംപ്, കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിർദേശം മുഴുവനായും അനുസരിച്ചിരുന്നുവെങ്കിൽ അഞ്ചു ലക്ഷത്തോളം മരണം സംഭവിക്കുമായിരുന്നുവെന്നും വിമർശിച്ചു.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കീഴിൽ സേവനമനുഷ്ഠിച്ച അമേരിക്കയിലെ ഏറ്റവും പ്രശംസ നേടിയ ശാസ്ത്രജ്ഞരിൽ ഒരാളാണ് 79 കാരനായ ഡോ. അന്തോണി ഫൗസി. കോവിഡ് വ്യാപനം തുടരുമെന്നും അത് ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
"ഫൗസി ഒരു ദുരന്തമാണ്. ഞാൻ അദ്ദേഹത്തിെൻറ വാക്കുകൾ കേട്ടിരുന്നുവെങ്കിൽ 500,000 മരണം സംഭവിക്കുമായിരുന്നു. ജനങ്ങൾ ഫൗസിയെ പോലുള്ള മണ്ടൻമാരുടെ വാക്കുകൾ കേട്ട് മടുത്തിരിക്കുകയാണ്. ഇവർ പറയുന്നതെല്ലാം തെറ്റാണ്" ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ ഫൗസിക്കും ട്രംപിനും എതിർനിലപാടുകളാണുള്ളത്.
കോവിഡ് നിയന്ത്രണങ്ങളിൽ അമേരിക്കക്കാർക്ക് മടുപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. കോവിഡ് നിലനിൽക്കുന്നുണ്ട്, എന്തായാലും ഞങ്ങളെ വെറുതെ വിടുക എന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേറത്തു. ട്രംപിൻെറ റാലികളിൽ അനുകൂലികൾ മാസ്ക് പോലും ധരിക്കാതെ ഒന്നടങ്കം പങ്കെടുക്കുന്നതിനെ അന്തോണി ഫൗസി പ്രതികരിച്ചിരുന്നു.
യു.എസിൽ വെള്ളിയാഴ്ച 70,450 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജൂലൈ 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രതിദിനം ശരാശരി 56,615 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പത്തെ പ്രതിദിന ശരാശരിയേക്കാൾ 30 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.