വാഷിങ്ടൺ: യു.എസിൽ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇന്റലിജൻസ് ചോർച്ച കേസിൽ 21കാരൻ അറസ്റ്റിൽ. മസാച്യുസെറ്റ്സ് എയർ നാഷനൽ ഗാർഡിലെ അംഗമായ ജാക്ക് ടെയ്‌ക്‌സീറയാണ് പിടിലായതെന്ന് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് അറിയിച്ചു. മസാച്യുസെറ്റ്‌സിലെ ഡിറ്റൺ സ്വദേശിയാണ്.
വീഡിയോ ഗെയിമർമാർക്കിടയിൽ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് ടെയ്‌ക്‌സീറയാണ് രഹസ്യ രേഖകൾ ചോർത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
മസാച്യുസെറ്റ്‌സിൽ നിന്ന് അറസ്റ്റ് ചെയ്ത ടെയ്‌ക്‌സീറയെ ഉടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അറ്റോർണി ജനറൽ പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ കൂടുതൽ വിശദീകരണം നൽകാൻ അദ്ദേഹം വിസമ്മതിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖകളിൽ ചിലത് സി.എൻ.എന്നിന് ലഭിച്ചിരുന്നു. ഉക്രെയ്‌നിലെ യുദ്ധം, ഇതുമായി ബന്ധപ്പെട്ട് കീവും മോസ്കോയും നേരിടുന്ന വെല്ലുവിളികൾ, സഖ്യകക്ഷികളുടെയും എതിരാളികളുടെയും ഇന്റലിജൻസ് വിലയിരുത്തലുകൾ തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. രഹസ്യ രേഖകൾ പോസ്റ്റ് ചെയ്ത ഗ്രൂപ്പിന്റെ നേതാവാണ് പിടിയിലാതെന്ന് വിശ്വസിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ഹൈസ്കൂൾ ബിരുദവും ഡ്രൈവിങ് ലൈസൻസും മാത്രമുള്ള 21 കാരനായ ഉദ്യോഗസ്ഥന് തന്ത്രപ്രധാന വിവരങ്ങൾ എങ്ങിനെ ലഭിച്ചുവെന്നത് വിശദീകരിക്കാൻ കഴിയാതെ ബുദ്ധിമുട്ടാണ് ബൈഡൻ ഭരണകൂടം.
2019ലാണ് തെയ്ക്സീറ എയർ നാഷനൽ ഗാർഡിൽ ചേർന്നത്. ഗാർഡിലെ ഇത്രയും താഴ്ന്ന ഗ്രേഡിലുള്ള ഉദ്യോഗസ്ഥന് തന്ത്രപ്രധാനമായ രഹസ്യ വിവരങ്ങൾ ലഭിക്കുമെങ്കിൽ ആർക്കാണ് ലഭിക്കാതിരിക്കുകയെന്നും വിമർശകർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.