ഗസ്സ സിറ്റി: അധിനിവേശ ശക്തിയെ ഫലസ്തീൻ മണ്ണിൽ വെച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനത്തോടെ ഹമാസ് ചെറുത്തുനിൽപ്പ് ശക്തമാക്കിയതിനെ തുടർന്ന് പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽനിന്ന് കൂട്ടപ്പലായനം. 6.30 ലക്ഷം ഫലസ്തീനികൾ റഫയിലെ താൽക്കാലിക ടെന്റുകൾ വിട്ട് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തതായാണ് കണക്ക്. ഒരുലക്ഷത്തോളം പേർ യാത്രക്കുള്ള ഒരുക്കത്തിലുമാണ്.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ജെനിൻ ബ്രിഗേഡ് കമാൻഡർ ഇസ്ലാം ഖമൈസി കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ജബാലിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപം വ്യോമാക്രമണത്തിൽ 14 പേർകൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിലെ ആകെ മരണം 35,386 ആയി. 79,366 പേർക്ക് പരിക്കുണ്ട്.
ഗസ്സയിലേക്ക് സഹായവസ്തുക്കെളത്തിക്കാൻ അമേരിക്ക താൽക്കാലിക കടൽപാലം നിർമിച്ചിട്ടുണ്ട്. എന്നാൽ, ഫലസ്തീൻ നിയന്ത്രണത്തിൽ അതിർത്തിവഴി കരമാർഗമുള്ള സഹായത്തിന് ഇത് പകരമാവില്ലെന്നും ഗസ്സയിൽ വിദേശ സൈനികസാന്നിധ്യം അനുവദിക്കാനാവില്ലെന്നും ഹമാസ് നിലപാടെടുത്തു. ഇസ്രായേൽ സൈനികർ ഗസ്സയിൽ തുടരുന്നിടത്തോളം ഏതു രൂപത്തിലും തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. കടൽപാലം വഴി പ്രതിദിനം 150 ലോഡ് സഹായവസ്തുക്കൾ എത്തിക്കാനാണ് യു.എസ് പദ്ധതി. റഫ അതിർത്തി ഇസ്രായേൽ പിടിച്ചതിനെ തുടർന്ന് ട്രക്കുകളുടെ നീക്കം മുടങ്ങിയതോടെയാണ് യു.എസ് ബദൽ വഴി തേടിയത്.
വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം തുടരുന്ന പരിശോധനയിൽ 20ഓളം പേരെ അറസ്റ്റ് ചെയ്തു. ഇതോടെ ഇസ്രായേൽ ആക്രമണം തുടങ്ങിയതുമുതൽ അറസ്റ്റിലായവരുടെ എണ്ണം 8,750 ആയി. റഫയിൽ കാറിനുനേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റഫയിൽ ഇസ്രായേൽ സൈന്യത്തിന്റെ താവളത്തിൽ കടന്നുകയറി നടത്തിയ ആക്രമണത്തിൽ 15 സൈനികരെ കൊലപ്പെടുത്തിയതായി അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇസ്രായേലിന്റെ മെർകാവ ടാങ്ക് അൽ യാസീൻ മിസൈൽ ഉപയോഗിച്ച് തകർക്കുകയും ചെയ്തു. ജബാലിയ ക്യാമ്പിൽ ഇസ്രായേലിന്റെ അപാചെ ഹെലികോപ്ടർ വെടിവെച്ചിട്ടതായും അൽ ഖസ്സാം സേന അറിയിച്ചു. ഇസ്ലാമിക് ജിഹാദ് മൂവ്മെന്റിന്റെ സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡും ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. റഫ ആക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന് അൽജീരിയയും സ്ലൊവീനിയയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.