തെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചതിനുപിന്നാലെ ഇസ്രായേലിൽ സൈനിക വാഹനത്തിന് നേരെ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സേന അറിയിച്ചു. ഗസ്സയോട് അതിർത്തി പങ്കിടുന്ന നിരിമിലെ സതേൺ കമ്യൂണിറ്റിയിലാണ് ആക്രമണം നടന്നത്. സുരക്ഷാ സേനയിലെ അഞ്ച് പേർക്കാണ് പരിക്കേറ്റതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. മറ്റ് രണ്ട് പേർക്ക് നേരിയ പരിക്കേറ്റതായി ഇസ്രായേൽ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഇസ്രായേലിലെ അഷ്‌കെലോൺ, സദേറത്ത്, ബീർഷെബ നഗരങ്ങളിൽ തങ്ങൾ റോക്കറ്റ് ആക്രമണം നടത്തിയതായി നേരത്തെ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചിരുന്നു.
അതേസമയം, ഇന്ന് രാവിലെ വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ നരമേധത്തിൽ 70 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്ന് 15ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയതായി ഇസ്രായേൽ അധിനിവേശ സേന അറിയിച്ചു.
ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് വരെയായിരുന്നു ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറുണ്ടായിരുന്നത്. ഈ സമയപരിധി അവസാനിച്ചതിന്‍റെ അടുത്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇസ്രായേൽ വ്യാപക ആക്രമണം തുടങ്ങുകയായിരുന്നു.
ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വെടിനിർത്തൽ അവസാനിച്ച അടുത്ത നിമിഷം തന്നെ ഇസ്രായേൽ ഗസ്സയിൽ ബോംബിട്ടത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ആരോപണം. കുട്ടികളേയും സ്ത്രീകളേയും പൂർണമായും വിട്ടയച്ചില്ല. ഇതിന് പുറമേ ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം നടത്തിയെന്നും നെതന്യാഹു ആരോപിച്ചു.
ഒത്തുതീർപ്പുകളില്ലാതെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ഗസ്സയെ എല്ലാ ശക്തിയുമുപയോഗിച്ച് തരിപ്പണമാക്കും. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഇനിയും തിരിച്ചെത്താത്ത കുട്ടികൾക്കും വേണ്ടി തങ്ങളത് ചെയ്യുമെന്നും ബെൻ ഗ്വിർ പറഞ്ഞു.
ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴിനാണ് (പ്രാദേശികസമയം) അവസാനിച്ചത്. രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ചർച്ചകളിൽ സമ്പൂർണ വെടിനിർത്തലിന് ഹമാസ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്രായേൽ തയാറല്ലെന്നാണ് സൂചനകൾ. ബുധനാഴ്ച രാത്രി ഇസ്രായേലിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ സാന്നിധ്യത്തിൽ യുദ്ധമന്ത്രിസഭാ യോഗം ചേർന്നിരുന്നു.
ഹമാസ് ബന്ദികളാക്കിയ മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാതെ ഇനി വെടിനിർത്തലിനില്ലെന്ന നിലപാട് ഇസ്രായേൽ സ്വീകരിച്ചുവെന്നാണ് വിവരം. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേലി ജയിലുകളിലെ എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് ഹമാസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.