ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചതായി ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ ഇവർ ഇറാനിൽനിന്നും പുറപ്പെട്ടെന്നാണ് വിവരം. ഇന്ത്യക്കാരായ അഞ്ചുപേരുടെ പേരുവിവരം ഇന്ത്യൻ എംബസി പുറത്തുവിട്ടിട്ടില്ല.
ഏപ്രില്‍ 13-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഒമാൻ ഉൾക്കടലിന് സമീപം ഹോർമൂസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്.
എം.എസ്.സി. ഏരീസ് എന്ന കപ്പിലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ നാലുപേർ മലയാളികളാണ്. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫിനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റുളളവരെ വിട്ടയക്കുന്നതിൽ ഇറാന് എതിർപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ എം.എസ്.സി. ഏരീസുമായിട്ടുള്ള കരാർ സംബന്ധമായ കാര്യങ്ങൾ പരിഗണിച്ചാവും ഇവർക്കുള്ള മോചനം എന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ ഇപ്പോൾ മോചിപ്പിച്ചത്.
ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ മോചിപ്പിക്കും എന്നാണ് അറിയുന്നത്. അതിനായുള്ള ചർച്ചകൾ നയതന്ത്രതലത്തിൽ തുടരുകയാണ്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലെ മറ്റു മലയാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.