ബീജിങ്: തുടർച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ച് ചൈന. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. വിനോദസഞ്ചാരികളിൽനിന്നാണ് രോഗം പകർന്നതെന്നാണ് സൂചന.
പുതിയ കേസുകൾ കണ്ടെത്തിയ രാജ്യത്തിന്‍റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് 13 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ 492 പേർക്ക് രോഗമുള്ളതായി വേൾഡോമീറ്റർ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വ്യാപക കോവിഡ് പരിശോധന നടത്തി.
2019ൽ ചൈനയിെല വുഹാനിലായിരുന്നു കോവിഡ് -19 ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകമാകെ വ്യാപിക്കുകയായിരുന്നു. കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തിയാണ് രാഷ്ട്രങ്ങൾ രോഗപ്പകർച്ച തടഞ്ഞത്. അഅതേസമയം രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയത്. പിന്നാലെ വടക്കുപടിഞ്ഞാറൻ ചൈനയിലെ ലാൻഷോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളോട് അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോകുന്നവർ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കണം.
സിയാനിലെയും ലാൻഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കി. ഇന്നർ മംഗോളിയയിലെ എറെൻഹോട്ട് നഗരത്തിൽനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചു. താമസക്കാർ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.