വാഷിംങ്ടൺ: ചൈനക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് പകരമായി പണവും ഗോൾഫ് ക്ലബ്ബുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും സ്വീകരിച്ച മുൻ സി.ഐ.എ ഉദ്യോഗസ്ഥനും എഫ്.ബി.ഐയുടെ കരാർ ഭാഷാ പണ്ഡിതനുമായ 71കാരൻ അലക്സാണ്ടർ യുക് ചിംഗ് മായെ യു.എസ് കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചു. ദേശീയ പ്രതിരോധ വിവരങ്ങൾ ശേഖരിക്കുകയും അത് വിദേശ സർക്കാറിന് കൈമാറുകയും ചെയ്തുവെന്ന ഗൂഢാലോചനാ കുറ്റത്തിനാണ് ശിക്ഷ. തടവിനു പുറമെ യു.എസ് ഗവൺമെന്‍റ് ആവശ്യപ്പെടുമ്പോഴെല്ലാം ജീവിതകാലം മുഴുവൻ പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയനാകണം.
താൻ ചെയ്തതിന് ദൈവവും അമേരിക്കയും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 2020ൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം കസ്റ്റഡിയിലുള്ള മാ ശിക്ഷ വിധിക്കുന്നതിന് മുമ്പ് ഹൊണോലുലുവിലെ ചീഫ് യു.എസ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സണിനുള്ള കത്തിൽ എഴുതി. ഹോങ്കോങ്ങിൽ ജനിച്ച മാ 1968ൽ ഹോണോലുലുവിലേക്ക് താമസം മാറി 1975ൽ യു.എസ് പൗരനായി. 1982ൽ സി.ഐ.എ.യിൽ ചേർന്നു. അടുത്ത വർഷം വിദേശത്തേക്ക് നിയമിതനായി. 1989ൽ അതിൽ നിന്ന് രാജിവെച്ചു. ആ വർഷം ഹോങ്കോങ്ങിലെ ഒരു ഹോട്ടൽ മുറിയിൽ നടന്ന മൂന്ന് ദിവസത്തെ യോഗത്തിൽ മായും സഹ-ഗൂഢാലോചനക്കാരനായ സഹോദരനും ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ‘തന്ത്രപ്രധാനമായ രഹസ്യ വിവരങ്ങൾ’ കൈമാറിയെന്നും അതിന് 50,000 ഡോളർ പ്രതിഫലം നേടിയെന്നും കണ്ടെത്തിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. മീറ്റിംഗിൽ മാ പണം എണ്ണുന്നത് കാണിക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ തങ്ങളുടെ പക്കലുണ്ടെന്നും പ്രോസിക്യൂട്ടർമാർ അവകാശപ്പെട്ടു.
രണ്ട് വർഷത്തിനു ശേഷം, മാ എഫ്.ബി.ഐയുടെ ഹോണോലുലു ഫീൽഡ് ഓഫിസിൽ കരാർ ഭാഷാശാസ്ത്രജ്ഞനായി ജോലിക്ക് അപേക്ഷിച്ചു. അപ്പോഴേക്കും അദ്ദേഹം ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണെന്ന് യു.എസ് തിരിച്ചറിഞ്ഞിരുന്നു. 2004ൽ മായെ ജോലിയിൽ നിയമിച്ചുകൊണ്ട് ചാരപ്രവർത്തനം നിരീക്ഷിച്ചു. അടുത്ത ആറ് വർഷം മാ സ്ഥിരമായി രഹസ്യരേഖകൾ മോഷ്ടിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ചൈനയിലേക്കുള്ള തന്റെ യാത്രകളിലൂടെ പലപ്പോഴായി അവ കടത്തി. ആയിരക്കണക്കിന് ഡോളർ പണവും പുതിയ ഗോൾഫ് ക്ലബ്ബുകൾ ഉൾപ്പടെയുള്ള വിലകൂടിയ സമ്മാനങ്ങളുമായി മടങ്ങിയെത്തിയെത്തിയെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.