ഗസ്സ കൂട്ടക്കൊലയെ ന്യായീകരിക്കാൻ ഹിറ്റ്ലറെ കൂട്ടുപിടിച്ച് ഇസ്രായേൽ മുൻ എം.പി

തെൽഅവീവ്: ഗസ്സയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൂട്ടക്കൊലചെയ്യുന്ന ഇസ്രായേലിന്റെ ക്രൂരതയെ ന്യായീകരിക്കാൻ 60 ലക്ഷത്തോളം ജൂതൻമാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറെ കൂട്ടുപിടിച്ച് തീവ്രജൂത സംഘടനാ നേതാവും മുൻ എം.പിയുമായ മോഷെ ഫെയ്ഗ്ലിൻ. ജർമനിയിൽ ഒരു ജൂതനെ പോലും ബാക്കിവെക്കരുതെന്ന ഹിറ്റലറിന്റെ കുപ്രസിദ്ധ വാചകം ഉദ്ധരിച്ചാണ് മോഷെ ഗസ്സക്കെതിരെ രംഗത്തുവന്നത്.

‘‘ഇവിടെ ഒരു ജൂതനെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് ഹിറ്റ്‌ലർ പറഞ്ഞതുപോലെ, ഗസ്സയിൽ ഒരു ഇസ്‍ലാമോ-നാസിയെങ്കിലും അവശേഷിച്ചാൽ ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല” എന്നാണ് മോഷെ ഫെയ്ഗ്ലിൻ ചാനൽ 12’ൽ നടന്ന ടി.വി ചർച്ചയിൽ പറഞ്ഞത്.

പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ കീഴിൽ 2013 -2015 കാലയളവിൽ ലിക്കുഡ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെൻ്റ് അംഗമായിരുന്നു മോഷെ. ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം, ജൂതന്മാർ ഇവിടെ അതിഥികളല്ലെന്നും രാഷ്ട്രം പൂർണ്ണമായും തങ്ങ​ളുടേതാണെന്നും അഭിപ്രായപ്പെട്ടു. ഗസ്സയെ ‘ഹീബ്രു ഗസ്സ’ ആക്കണമെന്നും മോഷെ ആവശ്യപ്പെട്ടു.

നെതന്യാഹുവിൻ്റെ ലിക്കുഡ് പാർട്ടി നേതാവായിരുന്ന ഇയാൾ ഇടക്കാലത്ത് തീവ്ര വലതുപക്ഷ പാർട്ടി രൂപവത്കരിച്ചിരുന്നു. പിന്നീട്, 2021 ൽ വീണ്ടും ലിക്കുഡിൽ ചേർന്നു. ഈവർഷം ജനുവരിയിൽ വീണ്ടും പാർട്ടി വിട്ട മോഷെ ഫെയ്ഗ്ലിൻ തന്റെ പാർട്ടി​െ്യ വീണ്ടും സജീവമാക്കി നെതന്യാഹുവിനെതിരെ മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. നെതന്യാഹു ഭരണകൂടം ഗസ്സയോട് വളരെ മൃദുവായി പെരുമാറുന്നത് രാജ്യത്തെ നിരാശപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗാസയിലെ യുദ്ധം കേവലം ഒരു പ്രതിരോധ യുദ്ധമല്ല. ഇത് വിമോചനത്തിൻ്റെ യുദ്ധമാണ്, അധിനിവേശക്കാരിൽ നിന്ന് ഭൂമിയുടെ വിമോചനമാണ്’ -ജനുവരിയിൽ നടന്ന പാർട്ടി റാലിയിൽ മോഷെ പറഞ്ഞു. ഹിരോഷിമയെ​ പോലെ ഗസ്സ​യെ പൂർണമായും നശിപ്പിക്കണമെന്നും ഒക്ടോബറിൽ അൽ ജസീറയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഇയാൾ ആഹ്വാനം ചെയ്തിരുന്നു.

ഇസ്രായേൽ മന്ത്രിസഭാംഗങ്ങളായ ഇറ്റാമർ ബെൻ ഗ്വിർ, ബെസലേൽ സ്മോട്രിച്ച് തുടങ്ങിയവരുടെ നയങ്ങളെയാണ് മോഷെയും പിന്തുടരുന്നത്. 

Tags:    
News Summary - Former Israeli Likud politician Moshe Feiglin quotes Hitler in call to cleanse Palestinians from Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.