പാരിസ്: ഫ്രാൻസിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവും നാഷനൽ ഫ്രണ്ട് പാർട്ടി സ്ഥാപകനുമായ ജീൻ-മാരി ലെ പെൻ അന്തരിച്ചു. 96 വയസ്സായിരുന്നു. നാഷനൽ റാലിയുടെ പ്രസിഡന്റ് ജോർദൻ ബർദെല്ലയാണ് എക്സിൽ മരണവാർത്ത സ്ഥിരീകരിച്ചത്.
എന്നും ഫ്രാൻസിനെ സേവിച്ച ജീൻ-മാരി രാജ്യത്തിന്റെ സ്വത്വവും പരമാധികാരവും സംരക്ഷിച്ചിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. കുടിയേറ്റത്തിനും ബഹുസ്വര സംസ്കാരത്തിനുമെതിരായ അദ്ദേഹത്തിന്റെ നിലപാടിന് ഫ്രാൻസിൽ ശക്തമായ വേരോട്ടം ലഭിച്ചിരുന്നു.
1972ലാണ് അദ്ദേഹം നാഷനൽ ഫ്രണ്ട് പാർട്ടിക്ക് രൂപംനൽകിയത്. പ്രസിഡന്റാകാനുള്ള അഞ്ച് ശ്രമങ്ങളാണ് ഫ്രഞ്ച് രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തിയാക്കി അദ്ദേഹത്തെ മാറ്റിയത്. 2002ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജാക്വസ് ഷിറാകിനെതിരെ മത്സരിച്ച ജീൻ-മാരി രണ്ടാം സ്ഥാനത്തെത്തി. 2011ൽ അദ്ദേഹത്തിന്റെ മകൾ മറീൻ ചുമതലയേറ്റെടുത്ത് പാർട്ടിയെ ഉടച്ചുവാർത്തു.
നാഷനൽ റാലിയെന്ന് പുനർനാമകരണം ചെയ്ത് രാജ്യത്തെ മുഖ്യധാര പാർട്ടിയാക്കി. വർഷങ്ങളോളം ഫ്രഞ്ച് രാഷ്ട്രീയത്തിലെ വിവാദനായകനായിരുന്നു ജീൻ-മാരി. ജർമനിയിലെ നാസി ഭരണകൂടം ജൂതരെ വംശഹത്യ ചെയ്ത ഹോളോകോസ്റ്റ് കെട്ടുകഥയാണെന്നാണ് ജീൻ-മാരിയുടെ നിലപാട്. ഇതിന്റെ പേരിൽ സ്വന്തം പാർട്ടി തന്നെ 2015ൽ അദ്ദേഹത്തെ പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.