വാഷിങ്ടൺ: ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഗസ്സയിലെ ബന്ദികളെ മുഴുവൻ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായും നശിപ്പിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ-എ-ലഗോ എസ്റ്റേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയത്.
ഇത് ഹമാസിന് നല്ലതല്ല, തുറന്നുപറഞ്ഞാൽ, ആർക്കും നല്ലതല്ല. ഇതിൽ കൂടുതലൊന്നും പറയാനില്ല. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനെ ആക്രമിക്കാൻ പാടില്ലായിരുന്നെന്നും ഗസ്സ വെടിനിർത്തൽ ചർച്ചകളെക്കുറിച്ച് ട്രംപ് പറഞ്ഞു.
അതേസമയം, ഇസ്രായേലും ഹമാസും തമ്മിലെ വെടിനിർത്തൽ ലക്ഷ്യമിട്ട് നടക്കുന്ന ചർച്ചകളിൽ പശ്ചിമേഷ്യയിലെ പ്രത്യേക ദൂതനായി ട്രംപ് നിയമിച്ച സ്റ്റീവ് വിറ്റ്‌കോഫ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 51 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 78 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു ഐ.ഡി.എഫ് സൈനികൻ കൂടി ഗസ്സയിൽ ഹമാസിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ വെച്ചാണ് സംഭവം. തലേദിവസം രണ്ടു സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 398 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.