ഡമസ്കസ്: വിമത നേതൃത്വം അധികാരം പിടിച്ചെടുത്തതോടെ സിറിയക്കുമേലുള്ള ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് യു.എസ്. ഇന്ധന വിൽപനയടക്കം അനുവദിക്കുന്ന ആറ് മാസത്തെ കാലാവധിയുള്ള പൊതു ലൈസൻസ് യു.എസ് ട്രഷറി സിറിയക്ക് അനുവദിച്ചു.
ബശ്ശാറുൽ അസദ് പുറത്തായതിന് പിന്നാലെ സിറിയക്ക് സഹായങ്ങൾ ലഭ്യമാക്കുന്നതിനാണ് ഉപരോധങ്ങളിൽ ഇളവ് വരുത്തിയതെന്ന് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയെമോ അറിയിച്ചു. ഉപരോധങ്ങൾ നീക്കുകയല്ല, മറിച്ച് മാനുഷിക സഹായം ഉൾപ്പെടെ ലഭ്യമാകുന്നതിന് തടസ്സമില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയുള്ള അസദിന്റെ ക്രൂരഭരണത്തിന്റെ അന്ത്യം സിറിയക്കും അവിടത്തെ ജനങ്ങൾക്കും രാഷ്ട്ര പുനർനിർമാണത്തിനുള്ള അവസരമാണ് നൽകിയിരിക്കുന്നത്. സിറിയയുടെ പുതിയ സർക്കാറിനുള്ള പിന്തുണ തുടരുമെന്നും അഡെയെമോ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സിറിയയിൽ ഭരണം പിടിച്ചെടുത്ത ഹൈഅത്ത് തഹ്രീർ അശ്ശാം (എച്ച്.ടി.എസ്) നടത്തുന്ന ശ്രമങ്ങളിൽ പുരോഗതിയുണ്ടെന്നാണ് യു.എസ് നിലപാട് മാറ്റം വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.