പാരീസ്: ആളൊഴിഞ്ഞതും വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്നതുമായ നൂറുകണക്കിന് വാഹനങ്ങൾ കത്തിക്കുക. ഫ്രാൻസിൽ പുതുവത്സരത്തലേന്ന് അരങ്ങേറുന്ന വിചിത്ര ആചാരത്തിൽ ഈ വർഷം കത്തിച്ചത് 874 കാറുകൾ. വാഹനങ്ങൾ കത്തിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമാണെങ്കിലും മുടങ്ങാതെ കാർ കത്തിക്കൽ നടക്കുമെന്നതാണ് പ്രത്യേകത.
കോവിഡ് 19നെ തുടർന്ന് അർധരാത്രിയിൽ കത്തിക്കുന്ന കാറുകളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019ൽ 1316 വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് നഗരങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പൊതുജനങ്ങൾ തടിച്ചുകൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും മാസ്ക് ഉൾപ്പെടെയുള്ളവ നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. 2020ൽ കാർ കത്തിച്ചതിന്‍റെ കണക്കുകൾ ലഭ്യമല്ല. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി ലോക്ഡൗണായതിനെ തുടർന്നായിരുന്നു 2020ൽ ഇത് ഒഴിവായത്.
ന്യൂ ഇയർ ആഘോഷം മറയാക്കി കുറ്റകൃത്യങ്ങൾ മറയ്ക്കുന്നതിനും ഇൻഷുറൻസ് തുക തട്ടുന്നതിനും സ്വന്തം കാർ കത്തിക്കാറുണ്ടെന്നും അധികൃതർ പറയുന്നു. 1990 കളിലാണ് കാറിന് തീയിടൽ സമ്പ്രദായം ഫ്രാൻസിൽ ആരംഭിച്ചത്. പിന്നീട് പല പ്രതിഷേധങ്ങളുടെയും ഭാഗമായി ഈ ആചാരം മാറി. അക്കാലങ്ങളിൽ മൂന്നാഴ്ചക്കുള്ളിൽ 8000ത്തിലധികം വാഹനങ്ങൾ കത്തിച്ചിരുന്നതായി പൊലീസിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.