ലണ്ടൻ: ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കുകയാണ്. അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തിനു ശേഷമാണ് അധികാരം 74കാരനായ ചാൾസിലേക്ക് എത്തിയത്. ബ്രിട്ടീഷ് രാജാവായി ചുമതലയേൽക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ചാൾസ് തന്നെയാണ്. അധികാരമേൽക്കുന്നതോടെ ചാൾസിന്റെ ജീവിത രീതികളും അടിമുടി മാറുകയാണ്. ചാൾസ് പിന്തുടരേണ്ട ശക്തമായ നിയമങ്ങളുമുണ്ട്. എന്തൊക്കെയാണ് ആ മാറ്റങ്ങൾ എന്നു നോക്കാം.
രാജാവാകുന്നതോടെ ചാൾസിന് ആരാധകരുടെ ഓട്ടോഗ്രാഫിൽ ഒപ്പുവെക്കാനോ അവരുമായി സെൽഫിക്ക് പോസ് ചെയ്യാനുമാകില്ല. ഈ ഒപ്പ് കള്ളയൊപ്പായി മാറ്റാനും വ്യക്തി വിവരങ്ങൾ മോഷ്ടിക്കപ്പെടാനും സാധ്യതയുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു വിലക്ക് വന്നത്.
അധികാരം തന്നിലേക്ക് എത്തിയ അന്നുതൊട്ട് ഓട്ടോഗ്രാഫിന് വരുന്നവരോട് 'ക്ഷണിക്കണം എന്റെ പദവി അതിന് അനുവദിക്കുന്നില്ല' എന്നാണ് ചാൾസ് പറയാറുള്ളത്. രാജാവിന് മാത്രമല്ല, രാജകുടുംബത്തിലുള്ളവർക്കും ഈ നിയമങ്ങൾ ബാധകമാണ്. സെൽഫിക്ക് പോസ് ചെയ്യാൻ നിർബന്ധിക്കുന്നവരോട് അന്തരിച്ച എലിസബത്ത് രാജ്ഞി കണ്ണുരുട്ടുമായിരുന്നു.
തന്നെ തേടിയെത്തുന്ന എല്ലാ സമ്മാനങ്ങളും സ്വീകരിക്കാൻ ബ്രിട്ടനിലെ രാജാവ് ബാധ്യസ്ഥനാണ്.
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജാവ് വോട്ട് ചെയ്യാൻ പാടില്ല. രാഷ്ട്രീയ പാർട്ടികളുടെ കാര്യത്തിൽ നിഷ്പക്ഷത പാലിക്കൽ അനിവാര്യമാണ്. അതുപോലെ പൊതുമധ്യത്തിൽ തന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പങ്കുവെക്കാനും പാടില്ല. ഇത്തരം വിഷയങ്ങൾ മുന്നിലെത്തുമ്പോൾ നിഷ്പക്ഷത പാലിക്കുകയാണ് ബ്രിട്ടനിലെ രാജാവിനെ സംബന്ധിച്ച് ഏറ്റവും അഭികാമ്യം.
അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാൻ ബ്രിട്ടീഷ് രാജാവിനെ നിയമം അനുവദിക്കുന്നില്ല. രോഗബാധയിൽ നിന്നും വിഷമേൽക്കുന്നതിൽ നിന്നും രാജാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. ഭക്ഷ്യവിഷബാധയേൽക്കുന്നത് തടയാനായി സാധാരണ ഷെൽമത്സ്യങ്ങൾ ഒഴിവാക്കാൻ രാജകുടുംബാംഗങ്ങളോട് ആവശ്യപ്പെടാറുണ്ട്.
കിരീട ധാരണത്തിനു ശേഷം നടക്കുന്ന സൽകാരത്തിനിടെ, ഒപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന അതിഥികളോട് സംസാരിക്കാൻ മാത്രമേ നിയമം രാജാവിനെ അനുവദിക്കുന്നുള്ളൂ. രണ്ടാമത്തെ തവണ ഭക്ഷണം കഴിക്കുമ്പോൾ സന്ദർശകർക്കു നേരെ തിരിഞ്ഞിരുന്നു തന്റെ ഇടത്തും വലത്തുമുള്ളവരുമായും രാജാവിന് സംസാരിക്കാം.
വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴും അവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുമ്പോഴും രാജാവിന് ബ്രിട്ടന്റെ സംസ്കാരത്തിന് അനുസരിച്ച പ്രത്യേക വസ്ത്രധാരണ രീതിയുണ്ടായിരിക്കും.
യാത്രകൾക്കായി രാജാവ് പ്രത്യേക കറുത്ത വസ്ത്രം ധരിക്കണമെന്നാണ് നിയമം. മരണാന്തര ചടങ്ങുകൾ പോലുള്ള വന്നാൽ അതാകും ഏറ്റവും നല്ലത്.അതുപോലെ മകൻ വില്യമിനൊപ്പവും ഇനി ചാൾസിന് യാത്ര ചെയ്യാനാകില്ല. കാരണം ചാൾസിന്റെ പിൻഗാമിയാണ് വില്യം. ബ്രിട്ടീഷ് നിയമപ്രകാരം രാജാവിനും അദ്ദേഹത്തിന്റെ അനന്തരാവകാശിക്കും പ്രത്യേകം വിമാനമുണ്ട്. അതുപോലെ ലൈസൻസില്ലാതെ വാഹനമോടിക്കാൻ അധികാരമുള ബ്രിട്ടനിലെ ഏക വ്യക്തിയും ഇനി ചാൾസ് ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.