വത്തിക്കാൻ: അന്തരിച്ച എമിരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. തിങ്കളാഴ്ച രാവിലെ മുതൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കും. വത്തിക്കാൻ ന്യൂസ് ആണ് സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
തന്‍റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ബെനഡിക്ട് പതിനാറാമൻ വിൽപത്രം തയാറാക്കുകയും മരണശേഷം പ്രസിദ്ധീകരിക്കാനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. മുൻഗാമി ജോൺ പോൾ രണ്ടാമനെ അടക്കിയ അതേ കല്ലറയിൽ അടക്കണമെന്ന ബെനഡിക്ട് പതിനാറാമന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ജീവചരിത്രകാരൻ ആൽബർട്ടോ മെല്ലോനി വ്യക്തമാക്കിയിരുന്നു.
പ്രാദേശിക സമയം 9.34ന് വത്തിക്കാനിലെ മേറ്റർ എക്സീസിയ മൊണാസ്ട്രിയിൽ വെച്ചാണ് ആഗോള കത്തോലിക്കാ സഭയെ നയിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അന്ത്യം സംഭവിച്ചത്. 2005ലാണ് ബനഡിക്ട് പതിനാറാമൻ 265ാമത്തെ മാർപാപ്പയായത്. പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.