ബാലി: ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് ലോക നേതാക്കൾ. രാജ്യങ്ങൾ സ്വന്തം അയൽക്കാരെ ആക്രമിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. സമ്മേളന ഹാളിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെ അഭിമുഖീകരിച്ചു കൊണ്ടായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം.
പ്രാകൃത യുദ്ധം അവസാനിപ്പിച്ച് യുക്രെയ്നിൽനിന്ന് റഷ്യ പുറത്തുപോകണം. യുദ്ധം ആഗോള സാമ്പത്തിക വെല്ലുവിളികളെ കൂടുതൽ വഷളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉച്ചകോടിയിൽനിന്ന് വിട്ടുനിന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നടപടിയെയും ഋഷി സുനക് വിമർശിച്ചു.
''ഒരുപക്ഷേ അദ്ദേഹം യോഗത്തിൽ ഉണ്ടായിരുന്നെങ്കിൽ, നമുക്ക് കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയുമായിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം വലിയ പ്രത്യാഘാതങ്ങളാണ് ലോകത്തുണ്ടാക്കിയത്. കാരണം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അതിർത്തി സമഗ്രതയുടെയും അടിസ്ഥാന തത്ത്വങ്ങളാണ് റഷ്യ ലംഘിച്ചിരിക്കുന്നത്.
നമ്മളെല്ലാവരും ഈ തത്ത്വങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അന്താരാഷ്ടതലത്തിലുള്ള ക്രമവവ്യസ്ഥയുടെ അടിത്തറതന്നെ ഈ തത്ത്വങ്ങളാണ്. അത് വളരെ ലളിതമാണ്. ഒരു രാജ്യം അയൽപക്കത്തെ ആക്രമിക്കരുത്. പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങളെ ഇല്ലാതാക്കരുത്'' -അദ്ദേഹം പറഞ്ഞു.
വിവിധ ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി നേരത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ഉദ്ഘാടനം ചെയ്തു. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിച്ചില്ലെങ്കിൽ ലോകത്തെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ന് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ റഷ്യ നേരിടേണ്ടി വരുമെന്ന് ജനറൽ അസംബ്ലിയിൽ പാസാക്കിയ പ്രമേയത്തിൽ യു.എൻ ആവശ്യപ്പെട്ടു. യുക്രെയ്നുമായി സഹകരിച്ച് റഷ്യക്കെതിരെ തെളിവുകൾ രേഖപ്പെടുത്തുന്നതിന് രാജ്യാന്തരതലത്തിൽ രജിസ്റ്റർ നിർമിക്കണമെന്നും യു.എൻ അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു. 193 അംഗങ്ങളിൽ 94 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.