മ​ധ്യ ഗ​സ്സ​യി​ലെ ബു​റൈ​ജ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ​കൊ​ല്ല​പ്പെ​ട്ട ബാ​ല​ന്റെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ

ഗസ്സയിൽ 42,000 കവിഞ്ഞ് മരണം: ലബനാനിലേക്ക് കൂടുതൽ ഇസ്രായേൽ സേന

ബൈറൂത്: ഗസ്സയിൽ വംശഹത്യ 42,000 കവിഞ്ഞ് തുടരുന്നതിനിടെ ലബനാനിലും അധിനിവേശം വ്യാപിപ്പിച്ച് ഇസ്രായേൽ. ദക്ഷിണ ലബനാനിൽ ചൊവ്വാഴ്ച ഒരു ഡിവിഷൻ സൈന്യത്തെകൂടി വിന്യസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളെന്ന പേരിൽ ബൈറൂത്തിൽ വ്യാപക വ്യോമാക്രമണത്തിനൊപ്പമാണ് അധികമായി കരസേനയെ അയച്ചത്.

അതിനിടെ, സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസിലെ ഇറാൻ എംബസിക്ക് സമീപത്തും ഇസ്രായേൽ വ്യോമാക്രമണം നടത്തി. വടക്കൻ ഇസ്രായേൽ നഗരമായ കിരിയാത് ശമൂനയിൽ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ലബനാനിൽ ഇതിനകം 2100 ലേറെ പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കൻ ഗസ്സയിൽ കൂട്ട കുടിയൊഴിപ്പിക്കൽ നാലുലക്ഷം പേരെ പുതുതായി അഭയാർഥികളാക്കിയതിന് പിറകെയാണ് ഗസ്സയിലെ കുരുതിയുടെ കണക്ക് 42,000 പിന്നിട്ടത്. 24 മണിക്കൂറിനിടെ 45 പേർകൂടി കൊല്ലപ്പെട്ടതോടെ സ്ഥിരീകരിച്ച മരണസംഖ്യ 42,010 ആയി. 97,720 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായ 10,000ലേറെ പേരിൽ ഏറെയും കെട്ടിടാവശിഷ്ടങ്ങളിൽ വീണ്ടെടുക്കാനാവാത്ത വിധം ജീവൻ പൊലിഞ്ഞവരാണ്.

ഗസ്സയിലുടനീളം കനത്ത ബോംബിങ്ങിനൊപ്പം വടക്കൻ ഗസ്സയിൽ കരസേന നീക്കവും തുടരുകയാണ്. ലബനാനിൽ ആക്രമണം വ്യാപിപ്പിക്കുന്നതിനെതിരെ യു.എസും യു.എന്നും കടുത്ത മുന്നറിയിപ്പ് നൽകിയത് അവഗണിച്ചാണ് വീണ്ടും സൈനികരെ കൂട്ടമായി എത്തിച്ചത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തി വഴി നിരവധി ലബനാൻ ഗ്രാമങ്ങളിൽ ഇസ്രായേൽ സൈന്യം കടന്നുകയറിയെന്നും റിപ്പോർട്ടുണ്ട്. ഇവിടങ്ങളിൽ വ്യാപക കുടിയൊഴിപ്പിക്കലും തുടരുകയാണ്.

ഡമസ്കസിലെ മെസ്സീഹിൽ ഇറാൻ ഉദ്യോഗസ്ഥർ താമസിച്ചതെന്ന് കരുതുന്ന കെട്ടിടങ്ങളിലാണ് മൂന്ന് ഇസ്രായേൽ മിസൈലുകൾ പതിച്ചത്. ഗോലാൻ കുന്നുകളിൽനിന്നായിരുന്നു മിസൈൽ വർഷം. സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ സ്വന്തം പൗരന്മാരില്ലെന്ന് ഇറാൻ അറിയിച്ചു. അതിനിടെ, വടക്കൻ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം തുടരുകയാണ്. 

Tags:    
News Summary - Gaza death toll exceeds 42,000: More Israeli forces into Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.