വാഷിങ്ടൺ: ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് തകർന്നടിഞ്ഞ ഗസ്സയിലെ സമ്പദ്‍വ്യവസ്ഥ പഴയ നിലയിലേക്ക് എത്തണമെങ്കിൽ 350 വർഷം വേണ്ടി വരുമെന്ന് റിപ്പോർട്ട്. യു.എന്നാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. യുദ്ധത്തിന് മുമ്പ് തന്നെ ഗസ്സയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ തകർച്ചയെ അഭിമുഖീകരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ അധിനിവേശത്തോടെ സാമ്പത്തിക പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. കടുത്ത കുടിവെള്ള, ഇന്ധന, വൈദ്യുതി ക്ഷാമം ഗസ്സയെ വലച്ചു. ഭക്ഷ്യവസ്തുക്കളും ആരോഗ്യസേവനങ്ങളും പോലും ഗസ്സക്ക് ലഭിക്കാതെയായി.
യു.എന്നിന്റെ കണക്കുകൾ പ്രകാരം നിർമാണ പ്രവർത്തനങ്ങൾ 96 ശതമാനം ഇടിഞ്ഞു. കാർഷിക പ്രവർത്തനങ്ങൾ 93 ശതമാനവും സേവനമേഖലയിൽ 76 ശതമാനവും ഇടിവുണ്ടായി. ഗസ്സയിലെ തൊഴിലില്ലായ്മ 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 81.7 ശതമാനമായി ഉയർന്നു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം ഇനിയും തുടരുകയാണെങ്കിൽ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നാണ് യു.എന്നിന്റെ മുന്നറിയിപ്പ്.
വെടിനിർത്തൽ കരാർ യാഥാർഥ്യമായാലും 2007 മുതൽ 2022 വരെയുള്ള അവസ്ഥയിലേക്ക് ഗസ്സയുടെ സമ്പദ്‍വ്യവസ്ഥ എത്തണമെങ്കിൽ 350 വർഷം വേണ്ടി വരുമെന്നും യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ യുദ്ധം തുടങ്ങുന്നതിന് മുമ്പ് മൂന്ന് ശതമാനം നെഗറ്റീവ് വളർച്ചയാണ് ഗസ്സ സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടായത്. 2023ൽ സമ്പദ്‍വ്യവസ്ഥയിൽ 22.6 ശതമാനം നെഗറ്റീവ് വളർച്ചുണ്ടായി. അടുത്തപാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ 90 ശതമാനം തകർച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഗസ്സയിലെ 88 ശതമാനം സ്കൂളുകളും തകർക്കപ്പെട്ടിരിക്കുന്നു. 36 ആശുപത്രികളിൽ 21 എണ്ണവും പ്രവർത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ 105 എണ്ണത്തിൽ 45 എണ്ണമാണ് പ്രവർത്തിക്കുന്നത്. 62 ശതമാനം വീടുകളും തകർക്കപ്പെട്ടു. 59 ശതമാനം കുടിവെള്ള വിതരണ സംവിധാനങ്ങളും അഴുക്കുചാലുകളും തകർക്കപ്പെട്ടുവെന്നും യു.എൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.