വത്തിക്കാൻ: ലിംഗപരമായ പ്രത്യയശാസ്ത്രമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും അപകടകരമായ പ്രത്യയ ശാസ്ത്ര കോളനിവത്കരണങ്ങളിലൊന്നെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത് ആണും പെണ്ണും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. മൂല്യങ്ങളെ തകർക്കുകയും ചെയ്യുന്നു. മനുഷ്യ സമൂഹം നിലനിൽക്കുന്നത് ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്. ലിംഗപരമായ പ്രത്യയശാസ്ത്രം വരുമ്പോൾ ഈ വ്യത്യാസങ്ങൾ ഇല്ലാതാകുകയും മൂല്യം തകരുകയും ചെയ്യുന്നുവെന്നും മാർപാപ്പ പറഞ്ഞു. പുരോഗമന നേതാവായി വിശേഷിപ്പിക്കപ്പെടുമ്പോൾ തന്നെ പലപ്പോഴും ലൈംഗികതയെയും ബ്രഹ്മചര്യത്തെയും കുറിച്ചുള്ള സിദ്ധാന്തങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ യാഥാസ്ഥിതിക നിലപാടുകളാണ് പിന്തുടരുന്നത്.
അർജന്റീനിയൻ ദിനപത്രമായ ലാ നാസിയോണിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ 10 വർഷത്തെ പദവിക്കിടെ പ്രത്യയ ശാസ്ത്ര കോളനിവത്കരണം എന്ന വാക്ക് മാർപാപ്പ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങൾക്കുള്ള സഹായധനം ഗർഭനിരോധന മാർഗങ്ങൾ, ഗർഭച്ഛിദ്രം, വന്ധ്യംകരണം, ലിംഗപരമായ ആശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന സന്ദർഭങ്ങളെ വിവരിക്കാനായിരുന്നു അത്.
''ഇന്ന് എല്ലാ കുട്ടികൾക്കും അവരുടെ ലിംഗഭേദം തിരഞ്ഞെടുക്കാൻ കഴിയുമെന്ന് സ്കൂളിൽ പഠിപ്പിക്കുന്നു. എന്തുകൊണ്ടാണ് അവർ ഇത് പഠിപ്പിക്കുന്നത്? കാരണം നിങ്ങൾക്ക് പണം തരുന്ന ആളുകളും സ്ഥാപനങ്ങളുമാണ് പുസ്തകങ്ങൾ നൽകുന്നത്. പ്രത്യയശാസ്ത്ര കോളനിവൽകരണത്തിന്റെ ഈ രൂപങ്ങളെ സ്വാധീനമുള്ള രാജ്യങ്ങളും പിന്തുണയ്ക്കുന്നു. ഇത് ഭയങ്കരമാണ്''-എന്ന് 2016 ൽ പോളിഷ് ബിഷപ്പുമാരുമായുള്ള ഒരു സംഭാഷണത്തിൽ മാർപാപ്പ ഇങ്ങനെ പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.