തെഹ്റാൻ: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് ധാർമിക പൊലീസ് മർദിച്ചതായി പറയപ്പെടുന്ന കുർദ് പെൺകുട്ടി മരിച്ചു. ഒക്ടോബർ ഒന്നിന് മെട്രോ ട്രെയിനിൽ പരിക്കേറ്റ അർമിത ജെറാവൻദാണ് (16) ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചത്. ഇവർക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഇറാൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ധാർമിക പൊലീസിന്റെ മർദനമേറ്റാണ് ഇവർ കുഴഞ്ഞുവീണതെന്ന് കുടുംബവും കൂട്ടുകാരികളും പൗരാവകാശ സംഘടനയായ ഹെൻഗാവും ആരോപിക്കുന്നു. യു.എൻ വസ്തുതാന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ, അധികൃതർ ആരോപണം നിഷേധിക്കുകയാണ്.
രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്നാണ് ഇവർ കുഴഞ്ഞുവീണതെന്ന് പൊലീസ് പറയുന്നു. വസ്ത്രധാരണ മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയെന്ന കുർദ് യുവതി മരിച്ച് ഒരുവർഷം പൂർത്തിയായത് ഈ മാസമാണ്. മഹ്സ അമീനിയുടെ മരണം രാജ്യത്ത് ശക്തമായ പ്രക്ഷോഭത്തിന് കാരണമായിരുന്നു. പുതിയ സംഭവവും വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.