‘സാറിനെ ദൈവം രക്ഷിക്കും’​; 72ാം ജന്മദിനത്തിൽ പുടിന് ലഭിച്ച ആദ്യ ആശംസ

മോസ്കോ: ‘സാറിനെ(Tsar) ദൈവം രക്ഷിക്കും’- ഇന്ന് 72 വയസ്സ് തികയുന്ന പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് ലഭിച്ച ആദ്യത്തെ പൊതു ജന്മദിനാശംസകളിൽ ഒന്നാണിത്. ഞായറാഴ്ച അർധരാത്രി പിന്നിട്ട്  മിനിട്ടുകൾക്കകം ത​ന്‍റെ ടെലിഗ്രാം ചാനലിൽ തീവ്ര ദേശീയവാദിയായ റഷ്യൻ സൈദ്ധാന്തികൻ അലക്സാണ്ടർ ഡുഗിനിൽ നിന്നാണ് ഈ ആശംസ ലഭിച്ചത്.  ഉക്രെയ്‌നെയും മറ്റ് പ്രദേശങ്ങളുടെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ റഷ്യൻ സാമ്രാജ്യത്തി​ന്‍റെ ഏകീകരണത്തിനായി നേര​ത്തേതന്നെ വാദിച്ചുവരുന്നയാളാണ് 62 കാരനായ ഡുഗിൻ. 2022ൽ ദുഗി​ന്‍റെ മകൾ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

‘സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ ദേശീയ നേതാവി​ന്‍റെ ജന്മദിനമാണ്’- റഷ്യയിലെ ചെചെൻ റിപ്പബ്ലിക്കി​ന്‍റെ നേതാവും പുടി​ന്‍റെ ‘കാലാൾ പടയാളി’ എന്ന് സ്വയം വിളിക്കുന്നയാളുമായ റംസാൻ കദിറോവ് ടെലിഗ്രാമിൽ അഭിനന്ദന സന്ദേശത്തിൽ എഴുതി. ‘ഇന്ന് നമ്മുടെ മുഴുവൻ രാജ്യത്തിനും ഒരു സുപ്രധാന ദിവസമാണെ’ന്നും കദിറോവ് കുറിച്ചു.

2022ൽ ഉക്രെയ്ൻ ആക്രമിക്കാൻ ത​ന്‍റെ സൈന്യത്തോട് ഉത്തരവിട്ട പുടിൻ, മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയിരുന്നു. അടുത്ത ആറു വർഷ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ രണ്ടു നൂറ്റാണ്ടിലേറെ കാലം സാർ (Tsar)ചക്രവർത്തിമാരും മറ്റും ഭരിച്ച രാജ്യത്തെ ഏറ്റവും കൂടുതൽ കാലം സേവിച്ച നേതാവായി പുടിൻ മാറും. ഈ വിജയത്തോടെ അദ്ദേഹം കാൽ നൂറ്റാണ്ടിലേക്കടുക്കുന്ന അധികാരത്തിൽ കൂടുതൽ ശക്തമായ പിടിമുറുക്കിക്കഴിഞ്ഞു.

ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ച നടപടി ശരിയായിരുന്നുവെന്നാണ് പുടി​ന്‍റെ അവകാശവാദം. എന്നാൽ, പാശ്ചാത്യലോകം പുടിനെ സ്വേച്ഛാധിപതിയും കൊലയാളിയുമായാണ് വിശേഷിപ്പിക്കുന്നത്. മുൻ കെ.ജി.ബി ചാര​ന്‍റെ ഭരണം നീട്ടിയ മാർച്ചിലെ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ഉക്രേനിയൻ പ്രസിഡന്‍റ് വ്ലാദിഡിമർ സെലെൻസ്‌കി പറയുന്നത്. ശീതയുദ്ധത്തിനുശേഷം മോസ്കോയുടെ സ്വാധീനമേഖലയിൽ അതിക്രമിച്ചുകയറി റഷ്യയെ അപമാനിച്ചുവെന്ന് ആരോപിച്ച്, പടിഞ്ഞാറൻ രാജ്യവുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള യുദ്ധത്തി​ന്‍റെ ഭാഗമായാണ് പുടിൻ ഉക്രെയ്നിലെ യുദ്ധത്തെ ചിത്രീകരിക്കുന്നത്.

സാമ്രാജ്യത്വ അധിനിവേശമെന്നാണ് ഉക്രെയ്നും പാശ്ചാത്യ സഖ്യകക്ഷികളും യുദ്ധത്തെ വിളിക്കുന്നത്. സംഘർഷം ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി. അവരിൽ ഭൂരിഭാഗവും ഉക്രേനിയക്കാരാണ്. യുദ്ധം നഗരങ്ങളെ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളാക്കി മാറ്റുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - 'God save the Tsar!': Russia President Vladimir Putin receives first wishes for 72nd birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.