തെൽ അവീവ്: ഗസ്സയിൽ നടത്തുന്ന യുദ്ധത്തിൽ വിജയം കൈവരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിന്റെ ആക്രമണത്തിന് ഒരു വർഷം പൂർത്തിയാകുന്ന മുന്നോടിയായാണ് നെത്യാഹുവിന്റെ പ്രതികരണം.
ഗസ്സ മുനമ്പിലും ലബനാനിലും നടത്തുന്ന പോരാട്ടങ്ങളിൽ നമ്മൾ വിജയിക്കും. ഇറാനെ ആക്രമിക്കാനും നമ്മൾ ഒരുങ്ങുകയാണെന്നും നെത്യാഹു പറഞ്ഞു. കഴിഞ്ഞ ഒരുവർഷമായി ഹമാസിനെ തകർക്കുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. ഹമാസിന്റെ പോരാളികൾ വീണ്ടും ഒത്തുകൂടുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.
12 മാസങ്ങൾ മുമ്പ് നമുക്ക് കനത്ത തിരിച്ചടിയുണ്ടായി. എന്നാൽ, യാഥാർഥ്യത്തെ തന്നെ നമുക്ക് മാറ്റാൻ സാധിച്ചുവെന്ന് നെത്യനാഹു കൂട്ടിച്ചേർത്തു. ഒരു വർഷം പൂർത്തിയാകുമ്പോൾ ഹമാസിന്റെ മിലിറ്ററി വിഭാഗത്തെ തകർക്കാൻ സാധിച്ചുവെന്ന് ഇസ്രായേൽ സൈനിക മേധാവി ലഫറ്റനന്റ് ജനറൽ ഹെർസി ഹാലേവി പറഞ്ഞു.
അതേസമയം, ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ല റോക്കറ്റുകൾ അയച്ചു. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. വടക്കൻ ഇസ്രായേലിൽ റോക്കറ്റാക്രമണം നടത്തുന്ന ഹിസുബുല്ല, ആദ്യമായാണ് ഹൈഫ നഗരത്തെ ലക്ഷ്യമിടുന്നത്. ഇസ്രായേലിന്‍റെ പ്രതിരോധ സംവിധാനമായ അയൺ ഡോമുകളും വ്യോമ പ്രതിരോധ സംവിധാനവും ഹിസ്ബുല്ലയുടെ റോക്കറ്റുകൾ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു.
അഞ്ചു റോക്കറ്റുകളാണ് ഹൈഫ നഗരത്തിൽ പതിച്ചത്. റോക്കറ്റുകളെ പ്രതിരോധിക്കുന്നതിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടത്തിൽ ഇസ്രായേൽ പ്രതിരോധ സേന അന്വേഷണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.