ഇസ്രായേൽ ഫലസ്തീനിലെയും ലബനാനിലെയും സാധാരണ മനുഷ്യർക്കുനേരെ നടത്തുന്ന ഏകപക്ഷീയമായ വംശഹത്യ പദ്ധതി ഇനിയും തുടരുകതന്നെ ചെയ്യും. പക്ഷേ, അതിനൊപ്പം ഇസ്രായേലിന്റെ അടിത്തറക്കും വലിയ പരിക്കേറ്റു. സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായുമെല്ലാം ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.
ഫലസ്തീൻ വിമോചന പോരാട്ടത്തിലെ നിർണായക നിമിഷമായിരുന്നു, 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ‘തൂഫാനുൽ അഖ്സ’ എന്ന് പേരിട്ട മിന്നലാക്രമണം. തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ദിവസവും നൂറുകണക്കിന് മനുഷ്യർ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഒടുവിൽ ലബനാനിലുമെല്ലാം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു.
യുദ്ധത്തിൽ കൂടുതൽ ആൾ നഷ്ടവും മറ്റു ഭൗതിക നഷ്ടങ്ങളും നേരിട്ട പക്ഷം പരാജയപ്പെട്ടവരായി കണക്കാക്കുക എന്നതാണ് യുദ്ധങ്ങളുടെ പൊതുവിലുള്ള രൂപം. ആ തിയറിപ്രകാരം ഫലസ്തീൻ പരാജയപ്പെട്ടുവെന്ന് വാദിക്കാം. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഫലസ്തീനിൽ രക്തസാക്ഷികളായത് 41000 ലധികം മനുഷ്യരാണ്. പക്ഷേ, ആധുനിക കാലത്തെ യുദ്ധങ്ങളെ, വിശേഷിച്ച് സ്വാതന്ത്ര്യ പോരാട്ടങ്ങളിലെ ജയപരാജയങ്ങളെ അത്ര അനായാസേന വായിക്കാൻ കഴിയില്ല.
ഇസ്രായേൽ ഫലസ്തീനിലെയും ലബനാനിലെയും സാധാരണ മനുഷ്യർക്കുനേരെ നടത്തുന്ന ഏകപക്ഷീയമായ വംശഹത്യ പദ്ധതി ഇനിയും തുടരുകതന്നെ ചെയ്യും. പക്ഷേ, അതിനൊപ്പം ഇസ്രായേലിന്റെ അടിത്തറക്കും വലിയ പരിക്കേറ്റു. സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായുമെല്ലാം ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്രകാലം അവരെ പിന്തുണച്ച പല രാഷ്ട്രങ്ങളും എതിർ നിലപാടുകളെടുക്കുന്നു.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വസതിക്ക് മുമ്പിൽ പ്രതിഷേധക്കാർ ഒഴിഞ്ഞ ഒരു ദിവസം പോലും കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായിട്ടില്ല. നല്ലൊരു വിഭാഗം ഇസ്രായേല്യരും യുദ്ധവിരാമം ആഗ്രഹിക്കുന്നവരാണ്. അത് ഫലസ്തീൻ ജനതയോടുള്ള ദയാവായ്പ് കൊണ്ടാകണമെന്നില്ല. തങ്ങളുടെ ജീവിതത്തിൽ വന്ന ഭൂകമ്പസമാന മാറ്റത്തിന് അറുതി കാത്താണ് അവരിൽ പലരും യുദ്ധവിരാമമെന്ന മുദ്രാവാക്യം ഉയർത്തുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഫലസ്തീൻ സ്വന്തം നിലക്ക് യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച ഇസ്രായേലിന്റെ അധിനിവേശത്തിനെതിരായ കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് 124 രാഷ്ട്രങ്ങളാണ്. ഇതിൽനിന്ന് തന്നെ ഇസ്രായേൽ ആഗോളതലത്തിൽ എത്രമാത്രം ഒറ്റപ്പെട്ടുവെന്ന് വ്യക്തമാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസ്സ് ഒന്നടങ്കം പ്രസംഗം ബഹിഷ്കരിച്ച് എഴുന്നേറ്റ് പോയത് നാം കണ്ടതാണ്. ഇക്കാലയളവിൽ സ്പെയിൻ, അയർലൻഡ്, നോർവേ തുടങ്ങിയ യൂറോപ്യൻ രാഷ്ട്രങ്ങൾ ഉൾപ്പെടെ ഏഴ് രാഷ്ട്രങ്ങൾ 2024ൽ ഫലസ്തീനെ അംഗീകരിക്കുകയുണ്ടായി.
ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം നിയമവിരുദ്ധമാണെന്ന് വിധിച്ചു. ഇസ്രായേലിന്റെ വംശഹത്യക്കെതിരായി ദക്ഷിണാഫ്രിക്ക നൽകിയ കുറ്റപത്രം സയണിസ്റ്റ് ഭീകരതയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. അന്താരാഷ്ട്ര ക്രിമിനൽ കോർട്ട് നെതന്യാഹുവിനെ യുദ്ധകുറ്റവാളിയായി കണ്ട് പ്രോസിക്യൂട്ട് ചെയ്യാൻ വാറൻറ് പുറപ്പെടുവിക്കുക കൂടിയുണ്ടായി.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് തങ്ങൾ രൂപം കൊടുക്കുന്നതായി സൗദി അറേബ്യ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ആഗോളതലത്തിൽ പൊതുവായും അറബ് രാഷ്ട്രങ്ങളിൽ സവിശേഷമായും രൂപപ്പെട്ട ഫലസ്തീൻ അനുകൂല വികാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം നീക്കങ്ങൾ.
ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അത് പരോക്ഷമായി സമ്മതിക്കുന്ന ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ധനമന്ത്രിയുടേതായി പുറത്തുവരികയുണ്ടായി. അവരുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ കഴിഞ്ഞ ഒരു വർഷം സംഭവിച്ചത് കുത്തനെയുള്ള ഇടിവാണ്. യുദ്ധ ചെലവുകളുടെ അനിയന്ത്രിത വർധന നെതന്യാഹു ഭരണകൂടം പ്രതീക്ഷിച്ചതാണെങ്കിലും ആഭ്യന്തര ഉൽപാദനത്തിലെ ഇടിവ് അവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു.
ഒക്ടോബർ ഏഴ് ആക്രമണത്തിനും തുടർന്നുള്ള ഇസ്രായേൽ-ഹമാസ് യുദ്ധത്തിനും മുമ്പ്, ഈ വർഷം ഇസ്രായേലിന്റെ സമ്പദ്വ്യവസ്ഥ 3.4% വളരുമെന്ന് അന്താരാഷ്ട്ര നാണ്യനിധി പ്രവചിച്ചിരുന്നു. ഇപ്പോൾ, സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ 1% മുതൽ 1.9% വരെയാണ്. അടുത്ത വർഷത്തെ വളർച്ച ഇതിലും ദുർബലമാകുമെന്നാണ് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 60000 ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടി. ഫലസ്തീനിൽനിന്നുള്ള കർഷക തൊഴിലാളികൾക്കുള്ള പെർമിറ്റ് നിർത്തിയതോടെ ധാരാളം കൃഷിയിടങ്ങൾ തരിശാവുകയും പഴം-പച്ചക്കറി ഇനങ്ങൾക്ക് കുത്തനെ വില ഉയരുകയും ചെയ്തു.
അന്താരാഷ്ട്ര ടൂറിസ്റ്റുകൾ ഒരാളും വരാതായതോടെ ടൂറിസം സെക്ടർ പൂർണമായും സ്തംഭിച്ചു. യു.കെ ഉൾപ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യരാഷ്ട്രങ്ങൾ നിയമവിരുദ്ധമാക്കിയെങ്കിലും ഇസ്രായേലിനെതിരായ ‘ഡൈവസ്റ്റ്മെൻറ് മൂവ്മൻറു’കൾക്ക് വലിയ സ്വീകാര്യത ലഭിച്ച വർഷം കൂടിയാണിത്. യൂറോപ്പിലെയും അമേരിക്കയിലെയും സർവകലാശാലകൾ ഇസ്രായേലിനെതിരായ സാമ്പത്തിക ബഹിഷ്കരണത്തിന്റെ ആഹ്വാനങ്ങളാൽ മുഖരിതമായി.
ചെങ്കടലിലെ ഇസ്രായേൽ അനുകൂല കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ആഗോള ചരക്കുനീക്കത്തെതന്നെ പ്രതികൂലമായി ബാധിച്ച സംഭവവികാസമാണ്. ഹൂതി ആക്രമണം ഇസ്രായേലിന്റെ തുറമുഖങ്ങളെ അനാഥമാക്കുകയും ചരക്കുനീക്കത്തെ സ്തംഭിപ്പിക്കുകയും ചെയ്തു. രാജ്യത്തെ മുൻനിര തുറമുഖങ്ങളായ ഹൈഫയും അഷ്ദോദും ഏയ്ലാത്തും കഴിഞ്ഞ ഒരു വർഷമായി പത്ത് പൈസ വരുമാനം തരുന്നില്ലെന്ന് എയ്ലാത്ത് തുറമുഖത്തിന്റെ സി.ഇ.ഒതന്നെ പറഞ്ഞിരുന്നു. അമേരിക്ക അവരുടെ ഒരു ഫെഡറൽ സ്റ്റേറ്റ് എന്നപോലെ സാമ്പത്തികമായും സൈനികമായും പിന്തുണച്ച് പോരുന്നത് കൊണ്ട് മാത്രമാണ് ഇസ്രായേൽ നിലനിൽക്കുന്നത്. അമേരിക്കയുടെ ആ നിലപാടിൽ പെട്ടെന്നൊരു മാറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
ഒക്ടോബർ ഏഴിനുശേഷം ആയിരക്കണക്കിന് ഇസ്രായേലി പൗരന്മാർ രാജ്യം ഉപേക്ഷിച്ചുപോവുകയുണ്ടായി. 2023 ഒക്ടോബർ ഏഴ് മുതൽ 2024 ജൂൺവരെയുള്ള കണക്ക് പ്രകാരം 12300 ഇസ്രായേലി പൗരന്മാരാണ് രാജ്യം വിട്ടത്. അതിൽ പലരും ഇരട്ട പൗരത്വമുള്ളവരാണ്. മുൻവർഷത്തെ താരതമ്യപ്പെടുത്തുമ്പോൾ 285 ശതമാനം വർധനയാണ് അതിലുണ്ടായതെന്ന് ഇസ്രായേൽ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.
ഇസ്രായേൽ അതിന്റെ ചരിത്രത്തിലാദ്യമായി ആഭ്യന്തര പലായനം എന്ന പ്രതിഭാസത്തെ അഭിമുഖീകരിക്കേണ്ടിവന്ന സന്ദർഭം കൂടിയാണിത്. വടക്കൻ ഇസ്രായേലിൽനിന്ന് അഭയാർഥികളായി (IDPs-Internally displaced persons) ഇസ്രായേലിന്റെ മറ്റുപ്രദേശങ്ങളിലേക്ക് ഒഴുകിയത് ഒരു ലക്ഷത്തിലധികം മനുഷ്യരാണ്. ഇവരുടെ പുനരധിവാസം സൃഷ്ടിച്ച വയ്യാവേലികളാണ് തിരിച്ചടിയുടെ മുൻകാല അനുഭവങ്ങൾ ഉണ്ടായിട്ടും ഹിസ്ബുല്ലയുമായി തുറന്ന ഏറ്റുമുട്ടലിന് ഇസ്രായേലിനെ പ്രേരിപ്പിച്ചത്.
ഇസ്രായേലിനെ ആഗോള സമൂഹത്തിന് മുന്നിൽ നാണം കെടുത്തിയ മൂവ്മെന്റ് ആണ് ‘അക്കാദമിക ബഹിഷ്കരണം’. ഫലസ്തീൻ കാമ്പയിൻ ഫോർ അക്കാദമിക് ആൻഡ് കൾച്ചറൽ ബോയ്കോട്ട് (PACBI) എന്ന മൂവ്മെൻറ് തുടക്കമിട്ട ഈ മുന്നേറ്റം ഇസ്രായേലിന്റെ അക്കാദമിക രംഗത്തെ പൂർണമായും ഒറ്റപ്പെടുത്തുന്നതിലേക്ക് നയിച്ചു.
ലോകമെമ്പാടുമുള്ള ഒട്ടേറെ സർവകലാശാലകൾ ഇസ്രായേലിലെ സർവകലാശാലകളുമായുള്ള സഹകരണം അവസാനിപ്പിച്ചു. ദി റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നോർവീജിയയിലെ വിവിധ യൂനിവേഴ്സിറ്റികൾ, ഒസ്ലോവിലെ ഒസ്ലോമെറ്റ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ബെർഗൻ, യൂനിവേഴ്സിറ്റി ഓഫ് സൗത്ത് ഈസ്റ്റ് നോർവേ എന്നിവ ഈ പട്ടികയിലെ ഏതാനും സർവകലാശാലകൾ മാത്രം.
സൈനികമായ ശക്തികൊണ്ടും ആയുധങ്ങളുടെ സമൃദ്ധികൊണ്ടും മാത്രം എക്കാലവും ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാവില്ല. രാഷ്ട്രീയമായും സാമൂഹികമായും സാസ്കാരികമായും സന്തുലിതമായ ഒരു സാമൂഹ്യക്രമം ഉണ്ടെങ്കിലേ ഏത് ജനതക്കും മുന്നോട്ട് പോകാനാകൂ. ഒക്ടോബർ ഏഴ് ഇസ്രായേലിന്റെ സന്തുലിതമായ ആ സാമൂഹ്യക്രമത്തെയും തളർത്തിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.