കറാച്ചി വിമാനത്താവളത്തിന് സമീപം സ്ഫോടനം; രണ്ട് ചൈനീസ് പൗരൻമാർ കൊല്ലപ്പെട്ടു

ലാഹോർ: കറാച്ചി വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ട് ചൈനീസ് പൗരൻമാർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ജിന്ന ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപം ഒക്ടോബർ ആറിനാണ് സ്ഫോടനമുണ്ടായത്.

പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സ്ഫോടനമുണ്ടായതെന്ന് പാകിസ്താനിലെ ചൈനീസ് എംബസി അറിയിച്ചു. ജിന്ന ഇന്റർനാഷണൽ എയർപോർട്ടിന് പുറത്തുവെച്ചാണ് പൊട്ടിത്തെറിയുണ്ടായത്. ഈ ദുഷ്‌കരമായ സമയത്ത് പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് പാകിസ്താൻ സർക്കാർ വാർത്തകുറിപ്പിൽ വ്യക്തമാക്കി.

പൗരൻമാരുടേയും സ്ഥാപനങ്ങളുടേയും പ്രൊജക്ടുകളുടേയും സുരക്ഷ ഉറപ്പാക്കാൻ പാകിസ്താനോട് അഭ്യർഥിക്കുകയാണെന്ന് ചൈനീസ് എംബസിയും അറിയിച്ചു.സംഭവത്തിന് പിന്നാലെ ഉത്തരവാദിത്തമേറ്റെടുത്ത് ബലൂചിസ്താൻ ലിബറേഷൻ ആർമി രംഗത്തെത്തി. ചൈനയിൽ നിന്നുള്ള ഉന്നത എൻജിനീയർമാരേയും നിക്ഷേപകരേയും ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന് അവർ പറഞ്ഞു.

വലിയ സ്ഫോടന ശബ്ദം കേട്ടുവെന്ന് കറാച്ചി നഗരവാസികളും വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയരുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ കറാച്ചി വിമാനത്താവളത്തിന് മുന്നിൽ നിന്നും പുക ഉയരുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Tags:    
News Summary - 2 Chinese nationals killed in explosion near Karachi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.