പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്നതിന് ഒരു പ്രധാന കാരണം പ്രത്യാഘാതവും പ്രതിഫലനവും പരിഗണിക്കാതെ നിരവധി പ്രമുഖരെ ഇസ്രായേൽ കൊലപ്പെടുത്തിയതാണ്. അതിൽ ഏറ്റവും പ്രധാനം ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതാണ്. ഇറാൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കാനെത്തിയ അതിഥി തങ്ങളുടെ മണ്ണിൽ കൊല്ലപ്പെട്ടത് ഇറാന്റെ അഭിമാനത്തിനും പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമായിരുന്നു.
തിരിച്ചടിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഒഴിവാക്കാൻ നയതന്ത്ര ഇടപെടലുകൾ നടന്നുകൊണ്ടിരിക്കെയാണ് ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ വധിക്കുന്നത്. ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്താൻ ഒരു കാരണം ഇതാണ്. ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലക്കൊപ്പം ഇറാൻ സൈനിക ഉപമേധാവി ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫൊറൂഷാനും കൊല്ലപ്പെട്ടിരുന്നു.
സിറിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷനറി ഗാർഡിന്റെ പ്രധാന ഉപദേശകൻ റാസി മൂസവി കഴിഞ്ഞ വർഷം കൊല്ലപ്പെട്ടതും സിറിയയിലെ ഇറാൻ എംബസിക്കു നേരെ ആക്രമണമുണ്ടായതും ഗൗരവമേറിയതാണ്. ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി ഇറാഖിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം ഇറാനുണ്ടായ പ്രധാന സൈനിക നഷ്ടമാണ് മൂസവിയുടെ മരണം. സിറിയയുടെ പരമാധികാരത്തെ മാനിക്കാതെ ഏകപക്ഷീയമായ നിരവധി ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്.
ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡിന്റെ സ്ഥാപക നേതാവും സൈനിക ഓപറേഷനുകൾക്ക് ചുക്കാൻ പിടിച്ചയാളുമായ മുഹമ്മദ് ദൈഫ് മാസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു. ഹമാസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമത്തെ പേര് യഹ്യ സിൻവാറും രണ്ടാമത്തെ പേര് മുഹമ്മദ് ദൈഫുമാണ്. ഖസ്സാം ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാൻഡർ മർവാൻ കഴിഞ്ഞ മാർച്ചിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു. ഇതും ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുല്ലയുടെ നേതാക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന തന്ത്രമാണ് ഇസ്രായേൽ സ്വീകരിച്ചത്. സംഘടന മേധാവി ഹസൻ നസ്റുല്ലയുടെ വധമാണ് ഏറ്റവും പ്രധാനം. അദ്ദേഹത്തിനു ശേഷം ചുമതലയേറ്റ ഹാഷിം സഫിയുദ്ദീനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മറ്റു നേതാക്കൾക്ക് അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹിസ്ബുല്ല കമാൻഡർ ഫുആദ് ശുക്റിനെ ജൂലൈയിൽ ബൈറൂത്തിൽ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് നടത്തിയ വ്യോമാക്രമണത്തിലൂടെ വധിച്ചു. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം കമാൻഡർ ഹസൻ ഖലീൽ യാസീൻ, രിദ്വാൻ ഫോഴ്സ് കമാൻഡൻ ഇബ്രാഹീം അഖീൽ, റോക്കറ്റ് വിഭാഗം തലവൻ ഇബ്രാഹീം ഖുബൈസി തുടങ്ങിയവർ കഴിഞ്ഞ മാസം കൊല്ലപ്പെട്ടു. ഹസൻ നസ്റുല്ല സംഘടന ആസ്ഥാനത്ത് കൂടിയാലോചന യോഗം നടത്തിക്കൊണ്ടിരിക്കെയാണ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ഇസ്രായേൽ കെട്ടിടം തകർത്തത്. നിരവധി പ്രമുഖ നേതാക്കൾ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്മാഈൽ ഹനിയ്യ കൂടാതെ ഹമാസിന്റെ നിരവധി നേതാക്കൾ ഗസ്സക്കകത്തും വെസ്റ്റ് ബാങ്കിലും ലബനാനിലുമായി കൊല്ലപ്പെട്ടു. ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അറൂറിയെ ലബനാനിൽ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് സംഘർഷം രൂക്ഷമാക്കിയ സന്ദർഭങ്ങളിലൊന്നാണ്.
ഗസ്സയിലെ ഹമാസ് സർക്കാർ തലവനും യഹ്യ സിൻവാറിന്റെ വലംകൈയുമായ റൂഹി മുശ്തഹ, ഹമാസിന്റെ സുരക്ഷ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന സാമിഹ് സിറാജ്, സമി ഔദിഹ് എന്നിവരെ മൂന്നുമാസം മുമ്പ് കൊലപ്പെടുത്തിയതായി ഇസ്രായേൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. ഖസ്സാം ബ്രിഗേഡ് കമാൻഡറായിരുന്ന സഈദ് അതല്ലാഹ് അലി ലബനാനിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ 18 പേരാണ് മരിച്ചത്.
ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും ഹെലികോപ്ടർ തകർന്ന് മരിച്ച സംഭവത്തിൽ ദുരൂഹത ബാക്കിയാണ്. സംഭവത്തിന് പിന്നിൽ ഇസ്രായേലിന്റെ കരങ്ങൾ ഉണ്ടെന്ന് കരുതുന്നവർ ഏറെയാണ്. ലബനാനിൽ ഉടനീളം ഒരേസമയം പേജർ പൊട്ടിത്തെറിച്ച് നിരവധി പേർ മരിച്ചതോടെ ഇത്തരമൊരു അട്ടിമറി റഈസിയുടെ കാര്യത്തിലും സംഭവിച്ചോ എന്ന സംശയമുണർന്നു.
ഇറാൻ കണ്ട ഏറ്റവും പ്രബലനായ പ്രസിഡന്റുമാരിലൊരാളായ റഈസി അടുത്ത പരമോന്നത നേതാവാകാൻ സാധ്യത കൽപിക്കപ്പെട്ടിരുന്നയാളാണ്. ഇസ്രായേലിന്റെ ഗസ്സയിലെ ക്രൂരതകൾക്കെതിരെ ശക്തമായ നിലപാടെടുത്തയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ ശക്തമായ ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ചയാളും ആ സമയത്ത് നയതന്ത്ര ഇടപെടലുകൾക്കായി ഓടിനടന്നയാളുമാണ്. ഇവരുടെ മരണം ഇറാന് കനത്ത നഷ്ടമാണ്.
ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ശാസ്ത്രജ്ഞരെയും അക്കാദമിക വിദഗ്ധരെയും തിരഞ്ഞുപിടിച്ച് കൊല്ലുന്ന സാഹചര്യമുണ്ടായി. 150ലേറെ അക്കാദമിക വിദഗ്ധരാണ് കൊല്ലപ്പെട്ടത്. അവർ താമസിച്ച കെട്ടിടം ബോംബിട്ട് തകർക്കുകയായിരുന്നു.
ഗസ്സ ഇസ്ലാമിക സർവകലാശാല പ്രസിഡന്റും ഗണിതശാസ്ത്രജ്ഞനുമായ ഡോ. സുഫിയാൻ തായിഹ്, ഇസ്ലാമിക സർവകലാശാല മുൻ പ്രസിഡന്റ് ഡോ. മുഹമ്മദ് ഈദ് ശാഹിർ, മുൻ ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രി ഡോ. ഉസാമ അൽ മുസൈനി, ചരിത്രകാരനും അൽ ഖുദ്സ് ഓപൺ സർവകലാശാല ഡയറക്ടറുമായ ഡോ. ജിഹാദ് അൽ മസ്രി, മുൻ മതകാര്യ മന്ത്രി ഡോ. യൂസുഫ് ജുമുഅ സലാമ, എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ ഡോ. നാസർ അൽ യഫാവി, അൽ വഫ ആശുപത്രി ഡയറക്ടർ ഡോ. മിദ്ഹത് ഫായിസ് നജ്ജാർ, അന്താരാഷ്ട്ര നിയമവിദഗ്ധനും ഗ്രന്ഥകാരനുമായ സഈദ് അൽ ദഹ്ശാൻ, എഴുത്തുകാരനും അക്കാദമിക വിദഗ്ധനുമായ പ്രഫ. റഫാത് അൽ അരീർ, ഗസ്സ ഇസ്ലാമിക സർവകലാശാല ഡീനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രഫ. ഇബ്രാഹീം അൽ അസ്താൽ, ഒമ്പത് വർഷമായി ഗസ്സയിൽ സ്കൂൾ ക്വാളിറ്റി അഷ്വറൻസ് കോഓഡിനേറ്ററായിരുന്ന പ്രമുഖ സൈക്കോളജിസ്റ്റ് ശാഹിർ യാഗി തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
ഗസ്സ സർവകലാശാലയിൽ പ്രഫസറും യു.എൻ ഏജൻസിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഗൈനക്കോളജിസ്റ്റുമായ സിറിൻ മുഹമ്മദ് അൽ അതാർ ഗസ്സ യുദ്ധം ആരംഭിച്ച് നാലാം ദിവസം കൊല്ലപ്പെട്ടു. എഴുത്തുകാരനും ചിന്തകനുമായിരുന്ന റാഇദ് ഖദ്ദൂറ കുടുംബത്തിലെ 29 പേരോടൊപ്പമാണ് കഴിഞ്ഞ നവംബർ 29ന് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ധാരാളം മാധ്യമപ്രവർത്തകരും യു.എൻ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ഗസ്സയിൽ കൊല്ലപ്പെട്ടു. വിവിധ യൂറോപ്യൻ മാധ്യമങ്ങൾക്ക് ഗസ്സയിലെ സ്ഥിതി റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തക വഫ അൽ ഉദൈനി കഴിഞ്ഞ ദിവസം ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.