ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബാങ്തൻ സോണിയോണ്ടിന്‍റെ തത്സമയ സംഗീത വിരുന്നിൽ പങ്കെടുക്കാൻ ഇന്ത്യക്കാർക്ക് അവസരം. കൊറിയയിലെ സിയോളിൽ നടക്കുന്ന ഏഴംഗ ബോയ് ബാന്‍റിന്‍റെ ത്രിദിന സംഗീത പരിപാടിയിൽ തത്സമയം പങ്കെടുക്കാനുള്ള അവസരമാണ് ബി.ടി.എസ് ഇന്ത്യൻ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത തിയറ്ററുകളിൽ ബോയ് ബാന്‍റിന്‍റെ സംഗീത പ്രദർശനം തത്സമയം നടത്തി അതിൽ പങ്കെടുക്കാനുള്ള അവസരമാണ് ആരാധകരെ കാത്തിരിക്കുന്നത്.
പി.വി.ആർ പിക്ചേഴ്സ്, ഹൈബ് [എച്ച്.ഐ.ബി.ഇ], ട്രഫൽഗർ റിലീസിങ് എന്നീ സിനിമ വിതരണ കമ്പനികളുമായി സഹകരിച്ച് ഇന്ത്യയിലെ 26 നഗരങ്ങളിലുള്ള പി.വി.ആർ തിയേറ്ററുകളിലാണ് തത്സമയ പരിപാടി പ്രദർശിപ്പിക്കുക. 'ബി.ടി.എസ് പെർമിഷൻ ടു ഡാൻസ് ഓൺ സ്റ്റേജ് - സിയോൾ: ലൈവ് വ്യൂവിംഗ്' എന്നാണ് പേര്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് ബി.ടി.എസ് സിയോളിൽ ഇത്തരമൊരു സംഗീത വിരുന്നൊരുക്കുന്നത്.
2013ലെ ആദ്യ മ്യൂസിക് ആൽബം മുതൽ വേറിട്ട സംഗീതാവതരണം കൊണ്ട് ലോകത്താകമാനം ആരാധകരുള്ള മ്യൂസിക് ബാന്‍ഡാണ് ബി.ടി.എസ്. നവംബറിൽ നടന്ന അമേരിക്കൻ മ്യൂസിക് അവാർഡിൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ, ഫേവറൈറ്റ് പോപ്പ് ഡ്യുവോ ഗ്രൂപ്പ് അവാർഡുകൾ ബി.ടി.എസിനായിരുന്നു. കൂടാതെ മികച്ച പോപ് ഗാനമായി ബി.ടി.എസിന്‍റെ 'ബട്ടർ' ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയും ബി.ടി.എസും ചേർന്നൊരുക്കിയ 'മൈ യൂനിവേഴ്‌സ്' ഒക്ടോബറിലെ ബിൽബോർഡ് ഹോട്ട് 100 ഗാന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.