വാഷിങ്ടൺ: ന്യൂയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ കടുവക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, യു.എസിൽ ഗൊറില്ലകൾക്കും രോഗം സ്ഥിരീകരിച്ചു. സാൻ ഡിയാഗോ സഫാരി പാർക്കിലെ രണ്ടു ഗൊറില്ലകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഗൊറില്ലകൾക്ക് ചുമ തുടങ്ങിയതോടെ സ്രവം കാലിഫോർണിയ അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റി ലബോറട്ടറി സിസ്റ്റത്തിലേക്ക് അയക്കുകയായിരുന്നു. ജനുവരി എട്ടിന് സാമ്പിളുകൾ പോസിറ്റീവാണെന്ന് റിപ്പോർട്ട് വന്നു.
ചെറിയ ശ്വാസതടസവും ചുമയും ഒഴികെ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഗൊറില്ലകൾക്ക് ഇല്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച ഗൊറില്ലകളെ ക്വാറന്‍റീനിലാക്കിയിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ട്. ഉടൻ തന്നെ ഗൊറില്ലകൾ പൂർണ ആരോഗ്യം കൈവരിക്കുമെന്നാണ് കരുതുന്നതെന്നും പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ പീറ്റേഴ്സൺ പറഞ്ഞു.
മൂന്നാമെതാരു ഗൊറില്ലക്കും രോഗലക്ഷണങ്ങൾ കാണിച്ചെങ്കിലും കോവിഡ് നെഗറ്റീവായിരുന്നു. മറ്റു മൃഗങ്ങളിലേക്ക് രോഗം പകർന്നിട്ടുണ്ടോയെന്ന പരിശോധനയിലാണ് അധികൃതർ. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ മുതൽ പാർക്ക് അടച്ചിട്ടിരിക്കുകയാണ്. രോഗം ബാധിച്ച ജീവനക്കാരിൽ നിന്നാകാം ഗൊറില്ലകൾക്ക് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.