അറ്റ്ലാൻറ: അമേരിക്കയിലെ അറ്റ്ലാൻറ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെയുള്ള 20 ഗോറില്ലകളിൽ 13 എണ്ണത്തിനാണ് കോവിഡ് പോസിറ്റീവായത്. മൃഗശാലയിലെ മുഴുവൻ ഗൊറില്ലകളിൽ നിന്നും പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്ന് മൃഗശാല അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
പടിഞ്ഞാറൻ ലോലാൻറ് ഗൊറില്ലകളുടെ സംഘത്തിലെ നിരവധി അംഗങ്ങൾക്കാണ് കോവിഡ് കണ്ടെത്തിയത്. നേരിയ ചുമ, മൂക്കൊലിപ്പ്, വിശപ്പ് ഇല്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഗോറില്ലകൾ കാണിച്ചിരുന്നുവെന്ന് മൃഗശാല അധികൃതർ വെള്ളിയാഴ്ച പറഞ്ഞു. കുടുതൽ ഗോറില്ലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ജോർജിയ സർവകലാശാലയിലെ ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. മൃഗശാല ജീവനക്കാരനിൽ നിന്നാണ് വൈറസ് ഗൊറില്ലകളിലേക്ക് പടർന്നതെന്നാണ് കരുതുന്നത്. രോഗം സ്ഥിരീകരിച്ച ഗൊറില്ലകളെ ക്വാറന്‍റീനിലാക്കിയിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ട്. ഉടൻ തന്നെ ഗൊറില്ലകൾ പൂർണ ആരോഗ്യം കൈവരിക്കുമെന്നാണ് കരുതുന്നതെന്ന് സൂ അധികൃതർ പറഞ്ഞു.
മറ്റ് മൃഗങ്ങളിലേക്ക് രോഗം പകർന്നിട്ടുണ്ടോയെന്ന പരിശോധനയിലാണ് അധികൃതർ. പ്രാഥമികമായി മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോവിഡ്. പക്ഷേ മനുഷ്യരും മൃഗങ്ങളും തമ്മിൽ പകരുന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. നായ്ക്കൾ, വളർത്തു പൂച്ചകൾ, സിംഹങ്ങൾ, കടുവകൾ, റാക്കൂൺ നായ്ക്കൾ തുടങ്ങി നിരവധി മൃഗങ്ങൾ, രോഗബാധിതരായ മനുഷ്യരുമായി സമ്പർക്കം പുലർത്തിയ ശേഷം കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. നേരത്തേ ന്യൂയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ കടുവക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സാൻ ഡിയാഗോ സഫാരി പാർക്കിലെ രണ്ടു ഗൊറില്ലകൾക്കും ഇതിനുമുമ്പ് കോവിഡ് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.