കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയിൽ വൻ മന്ത്രിസഭ അഴിച്ചുപണി. പുതിയ 17അംഗ കാബിനറ്റ് പട്ടികയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സയെ മാത്രമാണ് പ്രസിഡന്റ് ഗോടബയ രാജപക്സ നിലനിർത്തിയത്. ഈ മാസം ആദ്യം അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ജനം തെരുവിലിറങ്ങിയതിന് പിന്നാലെ, ശ്രീലങ്കയിൽ ഗോടബയയും മഹിന്ദയും ഒഴികെ എല്ലാവരും രാജിവെച്ചിരുന്നു. ഗോടബയയുടെ രാജിക്കുവേണ്ടിയുള്ള മുറവിളി ഉയർന്നതിനിടെയായിരുന്നു രാജി. വിദേശ കറൻസിയുടെ ശേഖരമില്ലാത്തതിനാൽ ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഇറക്കുമതി ചെയ്യാനാകാതെ ദുരിതത്തിലാണ് ലങ്ക. 1948 ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
പ്രതിഷേധം അതിജീവിക്കാൻ പ്രതിപക്ഷത്തെയും ചേർത്തുള്ള മന്ത്രിസഭയെന്ന നിർദേശം നേരത്തെ ഗോടബയ മുന്നോട്ടുവെച്ചെങ്കിലും പ്രതിപക്ഷം തള്ളുകയായിരുന്നു. പുതിയ 17 മന്ത്രിമാരും നേരത്തെ നിയമിച്ച മൂന്നുപേരുമാണ് ഇപ്പോൾ മന്ത്രിസഭയിലുള്ളത്. ഗോടബയയും മഹിന്ദയും പ്രത്യേകം രാജ്യത്തെ അഭിസംബോധന ചെയ്തെങ്കിലും പ്രക്ഷോഭകർ വഴങ്ങിയിട്ടില്ല. അഴിമതിരഹിതവും കാര്യക്ഷമവുമായ സർക്കാറിനായി പുതിയ മന്ത്രിമാർ യത്നിക്കണമെന്ന് പ്രസിഡന്റ് അവരുമായി സംസാരിക്കവേ ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി സമൂല മാറ്റത്തിനുള്ള അവസരമാക്കണം. ജനഹിതത്തിന് അനുസരിച്ച് ഉയരണം -പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ മന്ത്രിതല ചുമതലകൾ മാറിയിട്ടില്ല. വിദേശകാര്യ മന്ത്രി ജി.എൽ. പെയ്രിസ്, ധനമന്ത്രി അലി സബ്രി എന്നിവർക്കും മാറ്റമില്ല. അതിനിടെ, ഞായറാഴ്ച ലങ്കയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ശ്രീലങ്കൻ രൂപയുടെ തകർച്ചയിൽ വില വർധനയല്ലാതെ നിവൃത്തിയില്ലെന്ന നിലപാടിലാണ് 'ലങ്ക ഇന്ത്യൻ ഓയിൽ കമ്പനി'. മാർച്ച് ഏഴുവരെയുള്ള കണക്കനുസരിച്ച് ശ്രീലങ്കൻ രൂപ 60 ശതമാനത്തിലധികമാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.