ബീജിങ്: അതിർത്തി പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിൽ ഇന്ത്യയും ചൈനയും പുരോഗതിയുണ്ടാക്കിയെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതിനിധി. പ്രശ്നപരിഹാരത്തിനായി ഇരുപക്ഷവും നയതന്ത്രതലത്തിലും സൈനികതലത്തിലും ശ്രമങ്ങൾ തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇന്ത്യയുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ചൈന വ്യക്തമാക്കിയത്.
ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ് ആണ് ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയത്. നയതന്ത്രതലത്തിലും സൈനികതലത്തിലും ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ട്. അതിർത്തിയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ട്. നല്ല ബന്ധം ഇരുരാജ്യങ്ങളുടേയും ആവശ്യമാണെന്നാണ് ചൈന കരുതുന്നതെന്നും മാവോ നിങ് പറഞ്ഞു.
നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചൈനയുമായുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചടുത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും മോദി വ്യക്തമാക്കിയിരുന്നു. ന്യൂസ്‍വീക്ക് മാസികക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
നയതന്ത്രതലത്തിലും സൈനികതലത്തിലുമുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ ചൈനയുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും സമാധാനമായൊരു ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിയുമെന്നുമായിരുന്നു മോദി വ്യക്തമാക്കിയത്. അതേസമയം മോദിയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. ചൈനക്ക് ശക്തമായ മറുപടി നൽകുന്നതിന് പകരം ഭീരുത്വത്തോടെ പെരുമാറുകയാണ് മോദി ചെയ്തതെന്നായിരുന്നു പ്രധാന വിമർശനം.
ലഡാക്കിൽ മേയ് അഞ്ചിന് ഇരു രാജ്യങ്ങളുടേയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതോടെയാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. തുടർന്ന് പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും കമാൻഡർതലത്തിൽ 21 തവണ ചർച്ചകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.