അറൂരിയുടെ വധം: എല്ലാ കണ്ണുകളും ഹിസ്ബുല്ലയിലേക്ക്

ബൈറൂത്ത്:  ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ ഇസ്രായേൽ ബൈറൂത്തിൽ ​നടത്തിയ ഡ്രോണാക്രമണത്തിൽ വധിച്ചതോടെ യുദ്ധമുഖം മാറുമെന്ന് ആശങ്ക. ലബനാൻ തലസ്ഥാനത്ത് ഹിസ്ബുല്ല അടക്കം സംഘടനകളുടെ ഓഫീസ് പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്ഫോടനത്തിൽ അറൂരിയും രണ്ട് അൽഖസ്സാം കമാൻഡർമാരും ചൊവ്വാഴ്ച വൈകി കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങൾ പുറംലോകത്തോട് പങ്കുവെച്ചത് അറൂരിയായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരിൽ പ്രമുഖനും നിലവിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവിയുമായ അദ്ദേഹത്തെ ഏറെയായി ഇസ്രായേൽ ലക്ഷ്യം വെക്കുന്നുണ്ട്. ഇതിനൊടുവിലാണ് ബൈറൂത്തിനെ ഒരിക്കലൂടെ കുരുതിക്കളമാക്കി ആക്രമണം.

ഹമാസ് നേതാക്കളെ ഗസ്സയിലും ഫലസ്തീന് പുറത്തും ഇല്ലാതാക്കാ​മെന്ന് അടുത്തിടെയാണ് ഇസ്രായേൽ പ്രഖ്യാപിച്ചത്. എന്നാൽ, തങ്ങളുടെ മണ്ണിൽ ത​ങ്ങളെയോ മറ്റേതെങ്കിലും സംഘടനാനേതാക്കളെയോ ലക്ഷ്യമിട്ടാൽ പ്രത്യാഘാതം ചെറുതാകില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല വ്യക്തമാക്കിയിരുന്നു. ലബനാൻ- ഇസ്രായേൽ അതിർത്തിയിൽ ആക്രമണം ഇപ്പോഴും നടക്കുന്നുണ്ട്. എന്നാൽ, സംഭവത്തോടെ പ്രശ്നം കൂടുതൽ വഷളാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

ഹമാസ് പ്രമുഖരിൽ ഇസ്രായേൽ ലക്ഷ്യം വെക്കുന്ന അവസാനത്തെയാളാണ് അറൂരി. ഹമാസ് യുദ്ധമുറകളുടെ ബുദ്ധികേന്ദ്രമായിരുന്ന യഹ്‍യ അയ്യാശിനെ 1996ൽ വധിച്ചാണ് തുടക്കം. 2002ൽ എഫ്-16 യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ ശൈഖ് സലാഹ് ശഹാദയും 2004ൽ യുദ്ധ ഹെലികോപ്റ്റർ ആക്രമണത്തിൽ ശൈഖ് അഹ്മദ് യാസീനും കൊല്ലപ്പെട്ടു. അതേ വർഷം, ഉപസ്ഥാപകൻ അബ്ദുൽ അസീസ് റൻതീസിയും 2006ൽ സായുധ വിഭാഗം നേതാവ് നബിൽ അബൂസൽമിയയും ഇസ്രാ​യേൽ ആക്രമണതിനിരയായി. ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന് ഒക്ടോബർ ഏഴിന് ശേഷം ഒരു ബന്ദി​യെ പോലും മോചിപ്പിക്കാനായിരുന്നില്ല. ഇതോടെയാണ്, ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റു രാജ്യങ്ങളിലെ നേതാക്കളെയും ലക്ഷ്യമിടുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്. 

അറൂരിയുടെ വധം ഹിസ്ബുല്ലയെ കൂടുതൽ പ്രകോപിതമാക്കുമെങ്കിലും തുറന്ന യുദ്ധത്തിന് ഇവർ ഇറങ്ങിയേക്കില്ലെന്നു തന്നെയാണ് സൂചന. നേരിട്ടുള്ള യുദ്ധം ഇനി തങ്ങളുടെയും അജണ്ടയിലില്ലെന്ന സൂചന നൽകി കഴിഞ്ഞ ദിവസം യു.എസ് യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മെഡിറ്ററേനിയൻ വിട്ടിരുന്നു. ഇസ്രായേൽ സുപ്രീം കോടതി നെതന്യാഹുവിനെ കുരുക്കി ജുഡീഷ്യൽ പരിഷ്‍കരണം റദ്ദാക്കുകയും​ ചെയ്തു. ഇതിനിടെ അറൂരിയുടെ വധം വലിയ രാഷ്രടീയമായി ഗുണകരമാകുമെന്നതാണ് നെതന്യാഹുവിന്റെ സന്തോഷം.

ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിലാണ് മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരി കൊല്ലപ്പെടുന്നത്. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. അറൂരിക്കൊപ്പം സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിലെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. 

ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിലൊരാൾ കൂടിയായ അറൂരി യു.എസ് ഭീകരപ്പട്ടികയിൽ പെട്ടയാളുമാണ്. 50 ലക്ഷം ഡോളറാണ് അദ്ദേഹത്തെ കുറിച്ച സൂചന നൽകുന്നവർക്ക് യു.എസ് വിലയിട്ടിരുന്നത്. നേരത്തെ ഒന്നര പതിറ്റാണ്ടുകാലം ഇസ്രായേൽ തടവറയിൽ കഴിഞ്ഞ ശേഷം മോചിതനായി ലബനാനിൽ കഴിഞ്ഞുവരികയായിരുന്നു. ഒക്ടോബർ ആക്രമണത്തിനു ശേഷം വെസ്റ്റ് ബാങ്കിലെ അദ്ദേഹത്തിന്റെ വീട് ഇസ്രായേൽ ബോംബിട്ട് തകർത്തിരുന്നു.

Tags:    
News Summary - Hamas deputy leader killed in Beirut attack; All Eyes on Hezbollah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.