വിട്ടയക്കപ്പെട്ട ബന്ദികളുമായി റെഡ് ക്രോസ് വാഹനം റഫ അതിർത്തി കടക്കുന്നു (photo: Ibraheem Abu Mustafa /Reuters)

വെടിനിർത്തൽ നീട്ടൽ: ബന്ദി കൈമാറ്റ നിർദേശം ഇസ്രായേൽ നിരസിച്ചതായി ഹമാസ്

ഗസ്സ: വെടിനിർത്തൽ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള തങ്ങളുടെ നിർദേശം ഇസ്രായേൽ നിരസിച്ചതായി ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ബന്ദികളായ ഏഴ് സ്ത്രീകൾക്കും കുട്ടികൾക്കും പുറമേ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് നിർദേശം. ഇതിനുപകരമായി വ്യാഴാഴ്ച വെടിനിർത്തൽ വേണമെന്നായിരുന്നു ഹമാസ് ആവശ്യം. എന്നാൽ, ഇസ്രായേൽ ഇതിന് വിസമ്മതിച്ചതായി ഹമാസ് പറഞ്ഞു.

കരാർ പ്രകാരം നിശ്ചയിച്ച വിഭാഗത്തിലെ തടവുകാരിൽ ഇവർ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മധ്യസ്ഥർ മുഖേന സ്ഥിരീകരിച്ചിട്ടും ഇസ്രായേൽ വഴങ്ങിയില്ലെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി പ്രാദേശിക സമയം രാവിലെ 7 മണിക്ക് (ഇന്ത്യൻ സമയം 10.30) അവസാനിക്കും.

കരാർ ദീര്‍ഘിപ്പിക്കാൻ ഇസ്രായേലുമായും ഹമാസുമായും മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ നേതൃത്വത്തിൽ ചർച്ച തുടരുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‍ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഇന്നലെ കൈമാറിയത്. 30 ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്ന കാര്യത്തിൽ ഉടന്‍ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആറുദിവസ താൽക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ അവസാനിക്കാനിരിക്കെ വെടിനിർത്തൽ നാലുദിവസം കൂടി നീട്ടണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടത്. എന്നാൽ, ഞായറാഴ്ചക്കപ്പുറം വെടിനിർത്തൽ നീട്ടിക്കൊണ്ടുപോകാനാകില്ലെന്നാണ് ഇസ്രായേൽ നിലപാട്.

മൊത്തം 60 ഇസ്രായേലി ബന്ദികൾ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‍ലൻഡുകാരെയും ഒരു ഫിലിപ്പീൻസ് പൗരനെയും ഒരു റഷ്യൻ പൗരനെയും ഹമാസ് മോചിപ്പിച്ചു.

ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആയി. ഇസ്രായേലി സൈനിക കോടതി വർഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം, വെടിനിർത്തൽ തുടങ്ങിയതിനുശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ വ്യാപക പരിശോധനയിൽ 133 പേർ ഇതുവരെ അറസ്റ്റിലായി. ബുധനാഴ്ച ജെനിൻ അഭയാർഥി ക്യാമ്പിൽ രണ്ട് കൗമാരക്കാരെ സൈന്യം വെടിവെച്ചുകൊന്നു. 50ഓളം കവചിത വാഹനങ്ങളിലെത്തി വീടുകളിൽ ഇരച്ചുകയറിയ സൈന്യം കണ്ണീർവാതക, ഗ്രനേഡ് പ്രയോഗം നടത്തിയതായും നിരവധി പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Hamas says Israel rejected proposed hostage release to extend truce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.