ലണ്ടൻ: ജെ.കെ റൗളിങ്ങിന്റെ നോവലിനെ ആധാരമാക്കിയുള്ള ഹാരി പോട്ടർ സിനിമയിൽ പ്രഫ. ആൽബസ് ഡംബിൾഡോറായി വേഷമിട്ട നടൻ മൈക്കിൾ ഗാംബോൺ വിടവാങ്ങി. 82 വയസായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബമാണ് വിയോഗ വാർത്ത അറിയിച്ചത്.
ഹാരി പോട്ടറിലെ എട്ടു ഭാഗങ്ങളിൽ ആറിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രഫസറുടെ വേഷമാണ് പ്രശസ്തനാക്കിയത്. ഡുബ്ലിനിൽ ജനിച്ച ഗാംബോൺ ടെലിവിഷൻ, സിനിമ, തിയേറ്റർ, റേഡിയോ എന്നിവയിലെല്ലാം പ്രവർത്തിച്ചു. അഞ്ചു പതിറ്റാണ്ടോളം അഭിനയ രംഗത്തുണ്ടായിരുന്നു. ബ്രിട്ടീഷ് ഫിലം അക്കാദമിയുടെ നാല് ബാഫ്ത പുരസ്കാരങ്ങൾ നേടി. ലേഡി ഗാംബോൺ ആണ് ഭാര്യ. മകൻ: ഫെർഗുസ്.
ഐ.ടി.വി പരമ്പരയായ മൈഗ്രേറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവായ ജൂൾസ് മൈഗ്രെറ്റായി ഗാംബോൺ അഭിനയിച്ചു. ബി.ബി.സിയിലെ ഡെന്നിസ് പോട്ടറിന്റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാർലോ എന്ന കഥാപാത്രവും ശ്രദ്ധ നേടി.
ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് കരിയർ തുടങ്ങിയത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. 1965 ൽ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബോൺ സിനിമ അരങ്ങേറ്റം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.