ഗസ്സ: യുദ്ധം രൂക്ഷമാകുന്നതിനിടെ ഗസ്സയിലെ ഇസ്രായേലി സൈനിക വാഹനങ്ങളുടെ എണ്ണം കുറഞ്ഞതായി ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. കരയുദ്ധം ആരംഭിക്കുമ്പോഴുണ്ടായിരുന്ന 383 സൈനിക വാഹനങ്ങൾ നവംബർ എട്ടിന് 295 ആയി കുറഞ്ഞുവെന്നാണ് യുദ്ധതന്ത്രജ്ഞനായ മേജർ ജനറൽ ഫായിസ് അൽ ദുവൈരിയുടെ വിലയിരുത്തൽ.
യുദ്ധമുന്നണിയിൽനിന്ന് വാഹനങ്ങൾ പിൻവലിക്കുക പതിവില്ലാത്തതിനാൽ 88 എണ്ണം തകർക്കപ്പെടുകയോ കേടാവുകയോ ചെയ്തിരിക്കണം. 136 ഇസ്രായേലി ടാങ്കുകൾ നശിപ്പിച്ചുവെന്നാണ് ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ അവകാശവാദം. ഇതിനെ സാധൂകരിക്കുന്നതാണ് ഉപഗ്രഹ ചിത്രങ്ങളെന്ന് അദ്ദേഹം പറയുന്നു.
10 സൈനിക വാഹനങ്ങൾ ‘അൽ യാസീൻ’ ഷെല്ലുകൾ ഉപയോഗിച്ച് തകർത്തതായി അൽ ഖസ്സാം ബ്രിഗേഡ് തിങ്കളാഴ്ചയും അറിയിച്ചു. ഒമ്പതു മുതൽ 10 സൈനികർ വരെ കയറുന്ന മെർകാവ ടാങ്കുകൾ, 11 പേർക്ക് സഞ്ചരിക്കാവുന്ന ടൈഗർ കാരിയർ, രണ്ടുപേർ പ്രവർത്തിപ്പിക്കുന്ന ബുൾഡോസറുകൾ എന്നിവയാണ് യുദ്ധത്തിനായി ഇസ്രായേൽ ഗസ്സയിലെത്തിച്ചിരുന്നത്.
അതേസമയം, ആശുപത്രികളെയും സിവിലിയന്മാരെയും മറയാക്കുകയാണെന്ന യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസപ് ബോറലിന്റെ ആരോപണം ഹമാസ് തള്ളി. സ്ത്രീകളും കുട്ടികളുമടക്കം 11,000ത്തിലധികം നിരപരാധികളെ ഇസ്രായേൽ കൊലപ്പെടുത്തിയെന്ന മാധ്യമ റിപ്പോർട്ടുകളും ദൃശ്യങ്ങളും അദ്ദേഹം കണ്ടില്ലെന്ന് നടിക്കുകയാണോയെന്ന് ഹമാസ് വാർത്തക്കുറിപ്പിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.